ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്കി. നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തിന് പിന്നില്‍ വന്‍ ഗുഢാലോചന നടന്നെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കലാപത്തിനിടെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തില്‍ സാക്കിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഇഹ്സാന്‍ ജാഫ്രി കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, കലാപത്തിന് പിന്നില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കോ, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കോ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ട് അംഗീകരിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

