ഭൂമി തരംമാറ്റം താലൂക്ക് തലത്തിലും അനുവദിക്കാൻ നിയമഭേദഗതി. റവന്യു വകുപ്പ് തയാറാക്കിയ നിയമഭേദഗതിയുടെ കരട് നിയമ വകുപ്പിന്റെ പരിഗണനയിലാണ്. ഇത് അംഗീകരിച്ചാൽ അടുത്ത മാസത്തോടെ ഓർഡിനൻസായി തന്നെ ഭേദഗതി കൊണ്ടുവരും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവുകൾ പ്രകാരം ഭൂമി തരം മാറ്റുന്നതാണ് താലൂക്ക് തലത്തിലും അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ, ഭൂമി തരംമാറ്റ അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം 27 റവന്യു ഡിവിഷനുകളിലായി റവന്യു ഡിവിഷനൽ ഓഫിസർമാർക്ക് (ആർഡിഒ) മാത്രമാണ്. ഭൂമി തരംമാറ്റത്തിനായി 2.4 ലക്ഷം അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ഭേദഗതി കൊണ്ടുവന്ന് ഡപ്യൂട്ടി കലക്ടർമാർക്കും അധികാരം നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ജില്ലാതലത്തിലുള്ള ഡപ്യൂട്ടി കലക്ടർമാരെ 78 താലൂക്കുകളിലായി പ്രത്യേക ഓഫിസും ഉദ്യോഗസ്ഥരും നൽകി നിയോഗിച്ചാകും തരംമാറ്റ അപേക്ഷകൾ പരിഗണിക്കുക.

