മനുഷ്യന്റെ അകമറിയാൻ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട് ;കെ ടി ജലീൽ

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു.ലോകായുക്ത ഉത്തരവ്
ഹൈക്കോടതി ഇന്ന് ശരിവെക്കുകയായിരുന്നു.ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ ഉത്തരവ്.

എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം. ലോകായുക്ത ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതോടെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെ ടി ജലീൽ.സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ സർക്കാർ സ്ഥാപനത്തെ നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂൾഡ് ബാങ്കുകളിലൊന്നിൽ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാൻ ശ്രമിച്ച ആത്മാർത്ഥതയെയാണ് ചിലർ തലവെട്ടു കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ചതെന്ന് ജലീൽ കുറിച്ചു.

ബഹുമാനപ്പെട്ട ലോകായുക്തയുടെ വിധിയെ തുടർന്നാണ് താൻ രാജിവെച്ചതെന്നും അതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചെന്നും ജലീൽ കുറിച്ചു. മനുഷ്യന്റെ അകമറിയാൻ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരൻ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നൽകുന്ന കരുത്ത് ചെറുതല്ലെന്ന് ജലീൽ കുറിച്ചു.