തിരുവനന്തപുരം: കെ എം എംഎല്ലിന്റെ പഴയ പ്ലാന്റ് നവീകരിച്ചാൽ 30 ടൺ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് വ്യവസ്യാ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. ആരോഗ്യരക്ഷയിൽ ഓക്സിജന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. ഓക്സിജൻ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്. കൊവിഡ് ചികിൽസയ്ക്ക് ആവശ്യമായ ഓക്സിജൻ കൈവശമുള്ള ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
എൽ ഡി എഫ് ഗവൺമെന്റ് സ്വീകരിച്ച ക്രിയാത്മക നടപടികളാണ് സ്ഥിതി ഭദ്രമാക്കിയത്. നിലവിൽ കൂടുതൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയുമാണ്. കൊല്ലം ചവറയിലെ കേരള മിനറൽസ് ആന്റ് മെറ്റൽസിലെ പഴയ ഓക്സിജൻ പ്ലാന്റ് നവീകരിക്കാനുള്ള സാധ്യതകൾ തേടുന്നത് അതിന്റെ ഭാഗമാണ്. ഇക്കാര്യം പരിശോധിക്കാൻ കെ എം എം എല്ലിന്റെ എം ഡിയ്ക്ക് നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് നടപടികൾ സജീവമാക്കാൻ ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതുകയും ചെയ്തു.
1984ല്‍ ആണ് കെ എം എം എല്ലിൽ ആദ്യ ഓക്സിജൻ പ്ലാന്റ് നിര്‍മ്മിച്ചത്. 50 ടണ്‍ ആയിരുന്നു ഉൽപ്പാദനശേഷി. കാലക്രമേണ അത് 30 ടണ്ണായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് എൽ സി എഫ് ഗവൺമെന്റ് മുൻകൈ എടുത്ത് ആധുനിക പ്ലാൻറ് സ്ഥാപിച്ചത്. ഈ പ്ലാന്റിൽ 10 ശതമാനം മാത്രമേ മെഡിക്കൽ ആവശ്യത്തിനുള്ള ദ്രവീകൃത ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കഴിയൂ. 90 ശതമാനം വ്യവസായ ആവശ്യത്തിനുള്ള ഓക്സിജനാണ് ഉൽപ്പാദിപ്പിക്കുന്നത്.