തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലേതുപോലെ തന്നെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയും മെച്ചപ്പെടേണ്ടതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനില്‍ ചാന്‍സലേഴ്‌സ് പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി ഭാവികാലത്തിനു പര്യാപ്തമാകുംവിധം കേരളത്തിലെ സര്‍വ്വകലാശാലകളെ സജ്ജമാക്കണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ഭൗതികവും, സാഹിത്യപരവും, കലാപരവും, ധാര്‍മ്മികവും, നീതിശാസ്ത്രപരവുമായ പാരമ്പര്യവും, സാങ്കേതിക നൈപുണ്യവും തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്ന മാധ്യമമാണ് സര്‍വ്വകലാശാല. ഇതു രാജ്യ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ ഭാഗമായ മൂല്യബോധം പ്രദാനം ചെയ്യുക എന്നത് സര്‍വ്വകലാശാലകളുടെ ഒരു പ്രധാന ധര്‍മമാണ്. കോവിഡിനു ശേഷം ഓണ്‍ലൈന്‍ – ഡിജിറ്റലി എനേബിള്‍ഡ് വിദ്യാഭ്യാസ രീതിയിലൂടെ പഠനവും അധ്യാപനവും സമന്വയിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ ഉത്തേജനമുണ്ടാക്കാനാകും. സര്‍വ്വകലാശാലാ പഠന വിഭാഗങ്ങളില്‍ ഓണ്‍ലൈന്‍ എക്‌സാമിനേഷന്‍ സംവിധാനം രൂപപ്പെടുത്താന്‍ കഴിയണം. ഫലപ്രാപ്തി വിദ്യാഭ്യാസത്തിനനുസൃതമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനാവശ്യമായ അധ്യാപക പരിശീലനം നല്‍കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍നിന്നു മിടുക്കരായ വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനായി പുറത്തുള്ള സര്‍വ്വകലാശാലകളിലേക്കും സ്ഥാപനങ്ങളിലേക്കും വന്‍തോതില്‍ കുടിയേറുന്ന സ്ഥിതിക്കു മാറ്റമുണ്ടാക്കണമെന്നും കേരളത്തിന്റെ ഭാവി സാധ്യതകള്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടു പോക്കിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും, നിലവിലുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ നീതിയും ഗുണമേന്മയും ഉറപ്പാക്കണമെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണമാണ് ഈ സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളിലൊന്നെന്നും മന്ത്രി പറഞ്ഞു. 2020 ലെ മികച്ച സര്‍വ്വകലാശാലയ്ക്കുള്ള അവാര്‍ഡ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും മഹാത്മഗാന്ധി സര്‍വകലാശാലയും പങ്കിട്ടു. സ്‌പെഷ്യലൈസ്ഡ് വിഭാഗത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയാണ് അവാര്‍ഡ് നേടിയത്. പ്രശസ്തി പത്രവും ട്രോഫിയും ഉള്‍പ്പെടെ മികച്ച സര്‍വ്വകലാശാലയ്ക്ക് അഞ്ചു കോടി രൂപയും, സ്പെഷ്യലൈസ്ഡ് സര്‍വ്വകലാശാലയ്ക്ക് ഒരു കോടി രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.

