കലാനിലയം കൃഷ്ണൻനായർ ഓർമ്മയായിട്ട് ഇന്ന് 41 വർഷം

thaniniram

തനിനിറം ദിനപത്രത്തിന്റെ സ്ഥാപകപത്രാധിപരും, പ്രമുഖ കലാനിലയം നാടകവേദിയുടെ സ്ഥാപകനും, സംവിധായകനുമായ കലാനിലയം കൃഷ്ണൻനായർ(1917 -1980 ) ഓർമ്മയായിട്ട് ഇന്ന് 41 വർഷം തികയുന്നു.
.
1952- ൽ തനിനിറം എന്ന പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ മുതൽ സമൂഹത്തിലെ അഴിമതിയ്ക്കും, അനീതിയ്ക്കും എതിരെയുള്ള ഒരു തുറന്ന സമീപനമായിരുന്നു തനിനിറത്തിന്റെ ശൈലി. അന്നുമുതലേ ഒരു വിഭാഗം രാഷ്ട്രീയക്കാരുടേയും, ഗവണ്മെന്റ് ജീവനക്കാരുടേയും, മറ്റ് അഴിമതിക്കാരുടേയും മുഖ്യശത്രു ആയിരുന്നു കൃഷ്ണൻ നായർ. പ്രസിദ്ധീകരണത്തിന്റെ ആരംഭകാലം മുതലേ അതാതു ഭരണകക്ഷികളുമായുള്ള നിരന്തരയുദ്ധത്തിന്റെ ഭാഗമായി മറ്റ് എല്ലാ പ്രസിദ്ധീകരണങ്ങൾക്കും നൽകിയിരുന്ന ഗവണ്മെന്റ് പരസ്യങ്ങൾ പോലും തനിനിറം പത്രത്തിന് വിലക്കപ്പെട്ടിരുന്നു. പത്ര ധർമ്മം മുറുക്കി പിടിച്ചിരുന്ന കലാനിലയം കൃഷ്ണൻ നായർക്ക് തന്റെ നാടകത്തിലൂടെ ലഭിച്ചിരുന്ന വരുമാനം ഉണ്ടായിരുന്നതുകൊണ്ട് നിർഭയമായി, ധീരമായി മുന്നോട്ടു പോകാൻ കഴിഞ്ഞു.

1971 ൽ ഇന്ത്യ – പാകിസ്ഥാൻ യുദ്ധം നടക്കുന്ന കാലഘട്ടത്തിൽ കേരളനിയമസഭയിലെ ചോദ്യോത്തരവേള കഴിഞ്ഞുള്ള സീറോ അവറിൽ പ്രതിപക്ഷം സഭയ്ക്കു മുൻപേ ഒരു പ്രമേയം അവതരിപ്പിച്ചു. ഒരു പ്രകോപനവുമില്ലാതെ ഇന്ത്യയെ ആക്രമിച്ച പാകിസ്ഥാന്റെ പ്രവർത്തിയെ അപലപിച്ചു കൊണ്ടുള്ളതായിരുന്നു പ്രമേയം. ഇന്ത്യയുടെ വിദേശനയത്തെ ബാധിക്കുന്ന ദേശീയ പ്രശ്നം ആയതിനാൽ നിയമസഭയിലല്ല പാർലമെന്റിലാണ് ഇക്കാര്യം അവതരിപ്പിക്കേണ്ടത് എന്നു പറഞ്ഞ് അന്നത്തെ സ്പീക്കർ കെ.മൊയ്തീൻ കുട്ടി പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതറിഞ്ഞ കൃഷ്ണൻനായർ അടുത്തദിവസം പത്രത്തിലൂടെ സ്പീക്കറുടെ നിലപാടിനെ നഖശിഖാന്തം എതിർത്തു കൊണ്ടും വിമർശിച്ചുകൊണ്ടും ‘കലാനിലയം സംസാരിക്കുന്നു..’ എന്ന പംക്തിയിലൂടെ മുഖപ്രസംഗമെഴുതി. അനിവാര്യമായിരുന്ന പ്രസ്തുത പ്രമേയത്തെ തള്ളിക്കളഞ്ഞത് പ്രതിപക്ഷം കൊണ്ടുവന്നതു കൊണ്ടാണെന്നും, സ്പീക്കറിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണം എന്നു പറഞ്ഞുകൊണ്ടുള്ള ആ വിമർശനക്കുറിപ്പ് കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയിൽ മാപ്പ് എഴുതി നൽകണമെന്ന് പ്രിവിലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. പക്ഷേ കൃഷ്ണൻ നായർ തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് മാപ്പ് പറയാൻ തയ്യാറായില്ല. അതുകൊണ്ട് നിയമസഭയിൽ വിളിച്ചുവരുത്തി പരസ്യമായി അദ്ദേഹത്തെ ശാസിച്ചു. കേരള ചരിത്രത്തിൽ ആദ്യമായി പത്രാധിപരെ വിളിച്ചുവരുത്തി ശാസിച്ച സംഭവം ഇപ്പോഴും നിയമ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ വിളിച്ചുവരുത്തി ശാസിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെ ഒരു പുഞ്ചിരിയോടെ ഇറങ്ങിവന്ന കൃഷ്ണൻനായർ തന്റെ പ്രവർത്തന രീതിയിൽ ഒരു മാറ്റവും വരുത്താതെ മുന്നോട്ടുപോയി.

വ്യക്തിബന്ധം നോക്കാതെ മതമോ, രാഷ്ട്രീയമോ നോക്കാതെ വാർത്തയുടെ ഉറവിടം എത്രതന്നെ കഠിനം ആണെങ്കിലും അത് തേടിപ്പിടിച്ച് സത്യസന്ധതയ്ക്ക് ഒരു ചോർച്ചയും ഉണ്ടാകാതെ ‘തനിനിറം’ ജനങ്ങൾക്ക് മുന്നിലെത്തിച്ചു. എഴുതിത്തള്ളിയ എത്രയോ ആത്മഹത്യകൾ കൊലപാതകമെന്ന് തെളിയിച്ചു. മാന്യത നടിച്ചു നടന്ന എത്രയോ ക്രിമിനലുകളെ തനിനിറം നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങി കൊടുത്തു.

1967- ൽ പ്രസിദ്ധീകരിച്ച ‘മറിയക്കുട്ടി കൊലപാതകം’ തനിനിറത്തിന്റെ കണ്ടെത്തലിലൂടെ പ്രതിയായ വികാരിയച്ചനെ സെക്ഷൻ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. അതുപോലെ തന്നെ മറ്റൊരു അവസരത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന റ്റി. സി.രാഘവന്റെ വയസ്സ് തിരുത്തിയതാണെന്ന തനിനിറത്തിന്റെ കണ്ടെത്തലുകൾ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ പ്രകമ്പനം കൊള്ളിച്ചു. ന്യായം നടത്തേണ്ട ന്യായാധിപൻ തന്നെ ഇവിടെ അന്യായം കാണിച്ചിരിക്കുന്നു. സ്വന്തം കാര്യസാധ്യത്തിനായി വയസ്സ് തിരുത്തി ചീഫ് ജസ്റ്റിസ് പദവിയെ കളങ്കപ്പെടുത്തിയി രിക്കുന്നു എന്ന വാർത്ത അച്ചടിച്ചതിന്റെ പിറ്റേദിവസം തന്നെ പരമോന്നത നീതിപീഠത്തെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന കാരണത്താൽ പത്രാധിപർക്കെതിരെ കോടതിയലക്ഷ്യക്കേസെടുത്തു. സധൈര്യം കേസുമായി മുന്നോട്ടുപോയ കൃഷ്ണൻ നായർ ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും വരെ കേറേണ്ടി വന്നു. അവസാനം വയസ്സ് തിരുത്തിയത് സത്യമാണെന്ന് തെളിഞ്ഞു. ചീഫ് ജസ്റ്റിസ് റ്റി. സി. രാഘവനെ പിരിച്ചുവിട്ടു. വാർത്ത പ്രസിദ്ധീകരിച്ച പത്രാധിപരെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഇതുപോലെ എത്രയോ അഴിമതിക്കേസുകളാണ് തനിനിറം വെളിച്ചത്തു കൊണ്ടുവന്നത്.

കലാനിലയം കൃഷ്ണൻ നായരെ പോലെ പത്രധർമ്മം മുറുക്കിപ്പിടിച്ചു കൊണ്ടുള്ള പത്ര പ്രവർത്തന രീതി ഇന്ത്യയിൽ അപൂർവം ചില വ്യക്തികളിൽ മാത്രമേ ദർശിച്ചിട്ടുള്ളൂ. പട്ടികയിൽ ബ്ലിറ്റ്സ് പത്രാധിപർ കരഞ്ചിയ യും, ഇന്ത്യൻ എക്സ്പ്രസ് പത്രാധിപർ ഫ്രാങ്ക് മൊറയിസും പോലുള്ളവർ. ഇവരുടെ എല്ലാം പത്ര പ്രവർത്തന രീതി, അല്ലെങ്കിൽ പത്രപ്രവർത്തന ധർമ്മം ഇന്നത്തെ മാധ്യമ തലമുറ മാതൃക ആക്കേണ്ടതല്ലേ..?

1952 – ൽ ആരംഭിച്ച തനിനിറം എന്ന പ്രസിദ്ധീകരണത്തിന്, കേരളത്തിൽ വളരെ മുൻപ് ആരംഭിച്ച മറ്റുപത്രങ്ങൾക്കൊ പ്പം തോളോടുതോൾ ചേർന്ന് നിൽക്കാൻ കഴിഞ്ഞതിന്റെ കാരണം കൃഷ്ണൻനായരുടെ ‘ Investigative journalism ‘ അഥവാ ‘Watchdog journalism’ കൊണ്ടു തന്നെ യെന്ന് നമുക്ക് നിസ്സംശയം അനുമാനിക്കാം. അഴിമതിയുടേയും അക്രമത്തിന്റെയും കുത്തഴിഞ്ഞ ഈ കാലഘട്ടത്തിൽ ഭയരഹിതരായി പോരാടാൻ കലാനിലയം കൃഷ്ണൻ നായരെ പോലുള്ള പ്രതിഭകൾ കടന്നു വരേണ്ടത് സമൂഹത്തിന് അനിവാര്യമായി മാറിയിരിക്കുന്നു.

ഹരികൃഷ്ണൻ കലാനിലയം