‘
‘അഹങ്കാരിയാണെന്നുൾപ്പെടെ അപവാദം എത്ര വേണമെങ്കിലും പ്രചരിപ്പിച്ചോട്ടെ, എനിക്കു സങ്കടമില്ല, നിലപാടുകൾ സത്യസന്ധമായിരുന്നുവെന്നും ധർമമുള്ളതായിരുന്നുവെന്നും കാലം തെളിയിക്കുംവരെ അത് കേൾക്കാൻ ഞാനും തയാറാണ്…’ – പറയുന്നത് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. സ്വർണ്ണക്കള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതി ആരോപണങ്ങളും കൈകാര്യം ചെയ്യാൻ കഴിയാതെ പതുങ്ങി നിൽക്കേണ്ടിവന്നപ്പോഴാണ് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും വല്ലാത്ത ആശ്വാസമായി കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്കെത്തുന്നത്.
കേരള കോൺഗ്രസിന്റെ ഇടതു പ്രവേശനമെന്നതിനേക്കാൾ ആ പ്രവേശന സമയത്തെയാണ് സിപിഎമ്മും പിണറായി വിജയനും വിലകൽപിച്ചത്. പാർട്ടിയും മന്ത്രിസഭയും കേന്ദ്രഏജൻസികളുടെ നീക്കങ്ങളിൽ പതറി നിൽക്കുമ്പോൾ സമർഥമായ നീക്കമാണ് പിണറായി വിജയൻ–ജോസ് കെ. മാണി കൂട്ടുകെട്ടിലൂടെയുണ്ടായത്. അതീവ രഹസ്യമായി നേരത്തെ നീക്കങ്ങൾ നടത്തിയത് സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവനും. രാഷ്ട്രീയ അകത്തളങ്ങളിൽ സംശയം നിറഞ്ഞെങ്കിലും ജോസ് കെ.മാണി കടന്നുപോയത് വലതു രാഷ്ട്രീയത്തിൽ വലിയ മുറിപ്പാടുണ്ടാക്കിയാണ്.
എടുത്ത സാഹസികമായ നിലപാടുകൾ തെറ്റിയില്ലെന്നു തെളിയിക്കുന്നതാണ് ജോസ് കെ.മാണിയുടെ ജീവിതത്തിലും കേരള കോൺഗ്രസിലും പിന്നെ സംഭവിച്ചത്. ഇടതുരാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് (എം) നേട്ടം കൊയ്തെങ്കിലും അമരക്കാരൻ കളത്തിനു പുറത്താണെന്നത് പാർട്ടിയിൽ അത്ര നല്ലതുമല്ല. സത്യത്തിൽ കേരള കോൺഗ്രസ് എമ്മിന് ഇടതുരാഷ്ട്രീയത്തിൽ ലഭിച്ച മൂന്നാംസ്ഥാനം അഭിമാനത്തിനപ്പുറം ജീവശ്വാസത്തിനും തുല്യമാണ്.മറ്റൊരു മുൻനിര രാഷ്ട്രീയ പാർട്ടി പോലെയല്ല, കേരള കോൺഗ്രസിൽ കാര്യങ്ങൾ വ്യത്യസ്തമാണെന്നുള്ളതുകൊണ്ട് ഒരു തീരുമാനവും പാളാൻ പാടില്ല.
വാഴാനും വീഴാനും ഒറ്റ തീരുമാനം മതി.ഒപ്പം മറ്റു േകരള കോൺഗ്രസുകളെയെല്ലാം അപ്രസക്തമാക്കുകയും ചെയ്തു.പി.ജെ.ജോസഫ് പാർട്ടിയിലുണ്ടാക്കിയ പിളർപ്പ്, പാർട്ടിയുടെ ചിഹ്നവും പേരിലും ഉണ്ടായ തർക്കങ്ങൾ ഇതിലൊക്കെ വിജയത്തിനായി നിയമവഴി തിരഞ്ഞെടുത്തതിനിടെ കെ.എം.മാണി ഉയർത്തിയെടുത്ത കേരള കോൺഗ്രസിനെ ശത്രുആക്രമണങ്ങളിൽ സംരക്ഷിക്കുകയും പുനർനിർമിക്കുകയും ചെയ്യേണ്ടി വന്നു.
പല തട്ടിൽ പല നേതാക്കളുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടന്നു. ‘രാത്രി രണ്ടുവരെ നീണ്ട ചർച്ചകൾക്ക് ഞാൻതന്നെ ഇരുന്നു. അല്ലാതെ കാര്യങ്ങളിൽ തീരുമാനമെടുക്കാനാകില്ലായിരുന്നു. അതു പക്ഷേ തന്റെ രാഷ്ട്രീയത്തിൽ കണ്ടിട്ടില്ലാത്തതും അനുഭവമില്ലാത്തതുമായിരുന്നു. പക്ഷേ ചർച്ചയിലെടുക്കുന്ന തീരുമാനങ്ങൾ നെറിയുള്ളതായിരുന്നു പലപ്പോഴും ആശ്വാസമാകുന്നതായിരുന്നു.’– ജോസ് പറയുന്നു.

