പരിക്കുമൂലം ദീർഘ നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും വിട്ടുനിന്ന പേസ് ബൗളർ ജസ്പ്രീത് ബുമ്ര രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത ബുമ്ര ബെംഗളൂരുവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) നിന്നു മടങ്ങി.
ചെറിയൊരു ഇടവേളയ്ക്കു ശേഷം പരിശീലന മത്സരങ്ങൾക്കായി അക്കാദമിയിലേക്ക് തന്നെ ബുമ്ര തിരികെയെത്തും. വരാനിരിക്കുന്ന അയർലൻഡ് പര്യടനത്തിലും തുടർന്നു നടക്കുന്ന ഏഷ്യാകപ്പിലും ഇന്ത്യൻ ബോളിങ്ങിന്റെ മുൻനിരയിൽ തന്നെ ബുമ്ര ഉണ്ടാകുമെന്നാണ് എൻസിഎ വൃത്തങ്ങൾ നൽകുന്ന സൂചന.
ബുമ്രയുടെ തിരിച്ചുവരവ് ഇന്ത്യൻ ടീമിന് പുത്തനുണർവ് തന്നെയാണ് പകരുക. പുറംവേദന മൂലം കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഇന്ത്യൻ ടീമിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു താരം. ന്യൂസീലൻഡിൽ ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടി കഴിഞ്ഞ ഏപ്രിൽ14 മുതൽ എൻസിഎയിൽ രണ്ടു മാസം തുടർച്ചയായ പരിശീലനത്തിലായിരുന്നു താരം.
ഫിസിയോ തെറപ്പിസ്റ്റുകളുടെ മേൽനോട്ടത്തിലുള്ള വ്യായാമമുറകളും പരിശീലകരുടെ സാന്നിധ്യത്തിൽ എൻസിഎ മൈതാനത്തെ നെറ്റ്സിൽ ബോളിങ്ങുമെല്ലാമായിരുന്നു പരിശീലനം.

