ജറൂസലം: അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കെട്ടിടം നാമാവശേഷമാക്കിയതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ നിരവധി അപ്പാർട്ടുമെന്‍റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.ആക്രമണത്തിൽ ആളപായമുണ്ടോയെന്നത് വ്യക്തമല്ല.
രൂക്ഷമായ വ്യോമാക്രമണത്തിൽ കെട്ടിടം നിലംപതിച്ച് പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത് പരന്നു. ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് കെട്ടിടത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ, ഇസ്രായേൽ തിങ്കളാഴ്ച തുടങ്ങിയ നരനായാട്ടിൽ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടെ 140 പേർ കൊല്ലപ്പെട്ടു. ഹമാസിന്‍റെ തിരിച്ചടിയിൽ മലയാളി ഉൾപ്പെടെ എട്ട് പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടു.

