എന്താണ് ഡ്രൈ ഐ: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഇന്ന് നമ്മളിൽ പലരെയും അലട്ടുന്ന പ്രശനങ്ങളിലൊന്നാണ് ഡ്രൈ ഐ അഥവാ കണ്ണിന് വരുന്ന വരൾച്ച. കണ്ണുകൾ ആവശ്യത്തിന് കണ്ണുനീർ ഉത്പാദിപ്പിക്കാത്തപ്പോഴോ കണ്ണുനീരിന്റെ ഗുണനിലവാരം മോശമാകുമ്പോഴോ ഉണ്ടാകുന്ന ഒരു സാധാരണ നേത്രരോഗമാണിത്. ഇത് പ്രധാനമായും രണ്ടു വിധത്തിലുണ്ടാകുന്നു. കണ്ണിലെ ലാക്രിമൽ ഗ്ലാന്റിൽ നിന്നും കണ്ണുനീരുൽപാദിപ്പിച്ച് അത് നോർമലായി പോകുന്നു.

എന്നാൽ ചിലപ്പോൾ ഇതേ രീതിയിൽ കണ്ണുനീർ ഉൽപാദിപ്പിയ്ക്കാൻ സാധിയ്ക്കുന്നില്ല. ഇതിന് അക്യൂട്ട് ഡെഫിഷ്യൻസി ഡ്രൈ ഐ എന്നാണ് പറയുന്നത്. കണ്ണുനീർ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നമാകും ഇതിന് കാരണം. പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലുണ്ടാകുന്നത്.

അടുത്തത് ഇവാപ്പറേറ്റീവ് ഡ്രൈ ഐ എന്നതാണ്. അന്തരീക്ഷത്തിലേയ്ക്ക് കണ്ണുനീർ ആവിയായി പോകുന്നു. ഇതിന് കാരണം നാം കണ്ണ് നോർമലായി ചിമ്മാതിരിയ്ക്കുമ്പോഴാണ്. പ്രത്യേകിച്ച് സ്‌ക്രീനിൽ നോക്കിക്കൊണ്ടിരിയ്ക്കുമ്പോൾ. സ്‌ക്രീനിൽ നോക്കുമ്പോൾ, ഇത് മൊബൈൽ ആണെങ്കിലും ലാപ്ടോപ്പാണെങ്കിലും ടിവിയാണെങ്കിലും നാം അറിയാതെ തന്നെ കണ്ണ് ചിമ്മാൻ മറന്നു പോകും. കണ്ണ് ചിമ്മിത്തുറക്കുമ്പോൾ കണ്ണുനീര് സ്വാഭാവികമായി കണ്ണിൽ പരന്ന് കണ്ണിന് സ്വാഭാവിക ഈർപ്പമുണ്ടാകും. എന്നാൽ കണ്ണ് അടയ്ക്കാതിരിയ്ക്കുമ്പോൾ ഇതുണ്ടാകുന്നുമില്ല. ഇത് കണ്ണിന് വരൾച്ചയുണ്ടാക്കുന്നു. കണ്ണുനീർ കുറയുന്നു. ഇത് കണ്ണിന് അസ്വസ്ഥതയുണ്ടാക്കും.