മഞ്ഞപ്പിത്തം: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

ആലപ്പുഴ: മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായി തുടർച്ചയായി എത്തിയതി നോടനുബന്ധിച്ചുള്ള അന്വേഷണത്തിൽ 11 കുട്ടികൾക്ക് കൂടി മഞ്ഞപ്പിത്തം സംശയിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് പ്രതിരോധ നിയന്ത്രണ പ്രവർത്തനങൾ ഊർജിതമാക്കിയത്.

ആരുടെയും നില ഗുരുതരമല്ല. പ്രദേശത്ത് പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. തുടർന്ന് ഡി എം ഒ യുടെ അധ്യക്ഷതയിൽ ദ്രുതകർമസേന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. യോഗത്തിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്, ചെങ്ങന്നൂർ , മാവേലിക്കര, ആലപ്പുഴ ജനറൽ ആശുപത്രികളിൽ നിന്നുള്ള വിദദ്ധർ , ജില്ലയിലെ പ്രോഗ്രാം ഓഫീസർമാർ , ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

1500 ഓളം വരുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമായതിനാലും കുട്ടികളിൽ പലരും പുറത്ത് വിവിധ ഹോസ്റ്റലുകളിലായി താമസിക്കുന്നതിനാലും രോഗമുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നതിനുമുള്ള അടിയന്തിര പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനകൾക്കായി വിവിധ ടീമുകളായി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. രോഗ നിരീക്ഷണം, രോഗലക്ഷണം ഉള്ളവരുടെയും , മറ്റു കുട്ടികളുടെയും വിവര ശേഖരണം, വെള്ളത്തിന്റെ സാമ്പിൾ ശേഖരണം, ജലസ്രോതസ്സുകളുടെ സൂപ്പർ ക്ലോറിനേഷൻ , ശുചിത്വ പരിശോധന, ബോധ വത്കരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വിവിധ ടീമുകളായി പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. രോഗലക്ഷണങ്ങൾ സംശയിക്കുന്നവരുടെ രക്ത സാമ്പിൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പരിശോധിക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്തുള്ള ഹോസ്റ്റലുകൾ, ഭക്ഷണ ശാലകൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ്, മുനിസിപ്പൽ ആരോഗ്യ വിഭാഗം , ഫുഡ് & സേഫ്റ്റി യുമായി സഹകരിച്ച് പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളുo ശക്തിപ്പെടുത്താൻ തീരുമാനിച്ചു.

പാണ്ടനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, കുറത്തികാട് സാമൂഹിക ആരോഗ്യ കേന്ദ്രം ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികൾ എന്നിവർ ചേർന്ന് പ്രദേശത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടനാട് മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി യുടെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സുകൾ നടത്തി.

എന്താണ് മഞ്ഞപ്പിത്തം

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ, ഇ എന്നിവ കുടിവെള്ളവും ആഹാരവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടുക എന്നത് പ്രധാനമാണ്.

അശാസ്ത്രീയമായ ചികിത്സാരീതികൾ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾക്ക് ഹനികരമാകാം. മഞ്ഞപ്പിത്ത രോഗത്തിന് ചികിത്സയിലിരിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെയുള്ള ഒരു മരുന്നും ഒരു കാരണവശാലും കഴിക്കരുത്. രോഗമുള്ളപ്പോൾ പാരസെറ്റമോൾ പോലെയുള്ള മരുന്നുകൾ പോലും കരളിനെ ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം നിർദ്ദേശിക്കുന്ന ക്രമത്തിലും അളവിലും മാത്രംകഴിക്കുക

രോഗലക്ഷണങ്ങൾ ഉള്ളവർ നന്നായി വിശ്രമിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും പഴങ്ങൾ പച്ചക്കറികൾ എന്നിവർ നന്നായി കഴിക്കുകയും വേണം എണ്ണയും കൊഴുപ്പും അധികമടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് .

പ്രതിരോധം പ്രധാനം

രോഗാണുക്കളാൽ മലിനമായ വെള്ളം, ആഹാര പദാർത്ഥങ്ങൾ, ശുചിയല്ലാത്ത കൈകൾ, രോഗി ഉപയോഗിച്ച മറ്റ് വസ്തുക്കൾ എന്നിവയിലൂടെ രോഗം പകരുന്നു.

രോഗബാധിതരായ വ്യക്തി ആഹാര പദാർത്ഥങ്ങൾ കെകാര്യം ചെയ്യുന്നതിലൂടെയും , ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും , ഉപയോഗിച്ച പാത്രങ്ങൾ, മറ്റ് വസ്തുക്കൾ, ടോയ്‌ലറ്റുകൾ, ബക്കറ്റ്, മഗ്ഗ് എന്നിവ പൊതുവായി ഉപയോഗിക്കുന്നതിലൂടെയും രോഗം പകരുന്നു.