ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർധിക്കും. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തും. ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ഊർജം വർധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ ധാരളമായി നെല്ലിക്ക ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ പോഷണത്തിനും മുടിയ്ക്ക് ജലാംശം നൽകുന്നതിനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകൾ ചർമ്മകോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യം.
ഇതിലടങ്ങിയിരിക്കുന്ന കരോട്ടിൻ കാഴ്ച മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.