തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാർജ് ചെയ്തു. ആദ്യം തന്നെ കൃത്യമായി രോഗനിർണയം നടത്തുകയും മിൾട്ടിഫോസിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
തിരുവനന്തപുരത്ത് മരണമടഞ്ഞയാൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് പ്രതിരോധവും ചികിത്സയും ഏകോപിപ്പിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് ചികിത്സയിലുള്ളവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാൽ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. അതേ സമയം ഈ 10 പേർ ഉൾപ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാൻ കേരളത്തിന് കഴിഞ്ഞു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലേയും ആരോഗ്യ വകുപ്പിലെയും മുഴുവൻ ടീമിനേയും അഭിനന്ദിക്കുന്നുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

