തിരുവനന്തപുരം: മങ്കിപോക്സ് പകർച്ചവ്യാധി ലോകത്തെ പല രാജ്യങ്ങളിലും പടരാൻ സാധ്യതയുണ്ടെന്ന ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത നിർദ്ദേശം. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രത പുലർത്തുന്നത്. യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം.
ഇന്ത്യയിൽ ആദ്യമായി 2022 ജൂലൈ 14 ന് കേരളത്തിലും മങ്കി പോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. മുമ്പ് കെനിയയിൽ കണ്ടെത്തിയ മങ്കിപോക്സിന്റെ ക്ലേഡ്2ബി വകഭേദം ഭീതി വിതച്ചിരുന്നു.
അതിനേക്കാൾ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവിൽ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

