തിളപ്പിച്ച വെള്ളത്തിൽ ശുദ്ധമല്ലാത്ത പച്ചവെള്ളം ചേർത്താണോ കുടിക്കാൻ ഉപയോഗിക്കുന്നത്; കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ

തിളപ്പിച്ച വെള്ളത്തിൽ തിളപ്പിക്കാത്ത വെള്ളം ചേർത്ത് നൽകുക, ചട്‌നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേർത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകുമെന്നുള്ളത് ഓർക്കണമെന്ന് മുന്നറിയിപ്പ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മലപ്പുറം മൂന്നിയൂർ പഞ്ചായത്തിലെ ഒരു ആഡിറ്റോറിയത്തിൽ മേയ് മാസത്തിൽ നടന്ന 1200 ഓളം പേർ പങ്കെടുത്ത വിവാഹ ചടങ്ങിൽ തിളപ്പിച്ച വെള്ളത്തിനൊപ്പം ശുദ്ധമല്ലാത്ത പച്ചവെള്ളവും ചേർത്ത് നൽകി. ഈ ചടങ്ങിൽ പങ്കെടുത്ത നൂറിലധികം പേർക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. ജൂൺ മാസം രണ്ടിന് ഒരു മഞ്ഞപ്പിത്ത കേസ് റിപ്പോർട്ട് ചെയ്തപ്പോൾ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കൂടുതൽ കേസുകളും പിഴവും കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പൊതുജനാരോഗ്യ നിയമം 2023 രൂപീകരിക്കുമ്പോൾ ഓഡിറ്റോറിയങ്ങൾ ഉൾപ്പെടെ ഭക്ഷണം വിളമ്പുന്ന (ഹോട്ടലുകളും, ഭക്ഷണശാലകളും കൂടാതെ) പൊതുയിടങ്ങളിലെ വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേകം വ്യവസ്ഥ ആവശ്യമാണെന്ന് കണ്ടെത്തി അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ടാങ്കർ ലോറികളിൽ ശുദ്ധമല്ലാത്ത കുടിവെള്ളം എത്തിക്കുന്നതിനെതിരേയും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പൊതുജനാരോഗ്യ നിയമത്തിൽ ഈ വ്യവസ്ഥകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം പ്രസ്തുത സമൂഹത്തിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.