തിരുവനന്തപുരം: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ക്യാമ്പയിനുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, തൊഴിൽ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
ജില്ലയിൽ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകേരളമിഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയായ മാലിന്യനിർമാർജനം, പരിസര ശുചീകരണം കൊതുകുറവിട നശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അധികാര പരിധിയിൽ വരുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനം നൽകപ്പെടുന്ന പകർച്ചവ്യാധിയുടെ വിവരങ്ങൾ യഥാസമയം ഐഡിഎസ്പി (ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം)യിൽ റിപ്പോർട്ട് ചെയണം.
വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യനിർമ്മാർജനം ഉറവിട നശീകരണത്തിലൂടെ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുന്നവർക്ക് വ്യക്തിഗത സുരക്ഷാമാർഗങ്ങളും പ്രതിരോധ ചികിത്സയും ഉറപ്പാക്കും. പൊതുസ്ഥലങ്ങളിൽ കൊതുക് വളരാൻ ഇടയുള്ള വസ്തുക്കൾ നീക്കുകയും പാഴ്വസ്തുക്കൾ സംസ്കരിക്കുകയും വേണം. ജലദൗർലഭ്യമുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്തി സമയബന്ധിതമായി ശുദ്ധജലലഭ്യത ഉറപ്പാക്കും. പമ്പിംഗ് സ്റ്റേഷൻ പരിസരത്തെ ജലസ്രോതസുകളുടെ മലിനീകരണം തടയും. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധനകൾ നടത്തും. ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണവും ഡ്രൈ ഡേ ആചരണവും നടപ്പാക്കും.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും പകർച്ച വ്യാധി പ്രതിരോധത്തിനും വേണ്ട നടപടികൾ സ്വീകരിക്കും. വനിതാ ശിശു വികസന വകുപ്പ് അംഗണവാടി ഹെൽപ്പർമാർ , സന്നദ്ധ പ്രവർത്തകർ എന്നിവർ വഴി ഗൃഹ സന്ദർശനവും സ്ഥാപന സന്ദർശനവും നടത്തി ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യും. ട്രൈബൽ പ്രൊമോട്ടർമാർ ആരോഗ്യ വകുപ്പുമായി ചേർന്ന് സാംക്രമിക രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തും. മഴക്കാല പൂർവ ശുചികരണ പ്രവർത്തനങ്ങൾ ഉറപ്പാക്കും. ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണം ഉൾപ്പടെയുള്ള പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. കൃത്യമായ മോണിറ്ററിങ്ങിലൂടെയാണ് വകുപ്പുകൾ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.