പഞ്ചസാര അമിതമായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ തന്നെ ഇത് അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്. പ്രമേഹം, അമിത വണ്ണം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും ഇത് കാരണമാകാനിടയുണ്ട്. ഉയർന്ന കലോറി അടങ്ങിയ പഞ്ചസാര ശരീരത്തിനുവേണ്ട യാതൊരു പോഷകങ്ങളും നൽകുന്നില്ല. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിച്ചേക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കും. വളരെപ്പെട്ടെന്ന് അണുബാധയും രോഗങ്ങളും ബാധിക്കാനും സാധ്യതയും കൂടുതലാണ്. പല്ലിന്റെ ആരോഗ്യത്തെയും പഞ്ചസാരയുടെ ഉപയോഗം ബാധിച്ചേക്കാം.
വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുകയും ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ദന്തക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

