ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ ഒമ്പതു വയസുകാരി തിരികെ ജീവിതത്തിലേക്ക്. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ തെറാപ്പി സ്വീകരിച്ച ഒൻപതു വയസുകാരിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാഗീരവ് എന്ന പെൺകുട്ടിയാണ് മരുന്ന് സ്വീകരിച്ചത്.
ആറാംവയസ്സിലാണ് രക്തത്തേയും മജ്ജയേയും ബാധിക്കുന്ന അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ പെൺകുട്ടിയ്ക്ക് സ്ഥിരീകരിച്ചത്. മുംബൈയിലെ ടാറ്റമെമ്മോറിയൽ സെന്ററിലാണ് ഈശ്വരിയുടെ ചികിത്സ നടന്നത്. നിരവധി ചികിത്സകൾക്കുശേഷവും ഈശ്വരിയുടെ ശരീരത്തിൽ കാൻസർ തിരിച്ചുവന്നിരുന്നു. തുടർന്നാണ് CAR-T സെൽ തെറാപ്പി സ്വീകരിക്കാൻ കുടുംബം തീരുമാനിച്ചത്. കുട്ടികളിൽ ഈ ചികിത്സ നടത്തിയതിന്റെ ആദ്യഗുണഭോക്താവാണ് ഈശ്വരിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുടർപരിശോധനകൾക്കൊടുവിൽ ഈശ്വരി കാൻസർമുക്തയാണെന്നു തെളിഞ്ഞുവെന്നും ഇപ്പോൾ ആരോഗ്യവതിയാണെന്നും കുടുംബം പറയുന്നു. രാജ്യത്ത് അർബുദബാധിതരായ കുട്ടികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈശ്വരിയുടെ അതിജീവനകഥ. ഈ തെറാപ്പിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അനുമതി വർഷാവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ടാറ്റാ മെമോറിയൽ സെന്ററിലെ ഡോക്ടർമാർ വ്യക്തമാക്കി. മുതിർന്നവർക്കായി ഈ തെറാപ്പി ഇതിനകംതന്നെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിത്സാരീതി ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദ രോഗികളിൽ കൂടുതൽ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്.
രോഗിയുടെ രക്തത്തിൽ നിന്ന് ഇമ്മ്യൂൺ സെല്ലുകളായ ടി-സെല്ലുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പരിഷ്‌കരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. രോഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്‌കരിച്ചെടുത്ത് കാൻസർ സെല്ലുകളോട് പോരാടാൻ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്- 2023 ഒക്ടോബറിലാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാരീതിക്ക് അംഗീകാരം നൽകിയത്.