തിരുവനന്തപുരം: ശരീര കോശങ്ങളിലെ ലൈസോസോമുകൾ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള എൻസൈമുകൾ ഇല്ലാത്തത് കാരണം അവയവങ്ങൾക്ക് നാശം സംഭവിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ലൈസോസോമൽ സ്റ്റോറേജ് ഡിസോഡർ (lysosomal storage disorder). പോംപെ, ഗോഷെ എന്നീ രോഗങ്ങൾക്ക് സൗജന്യ മരുന്ന് നൽകുന്ന പദ്ധതി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
വിലയേറിയ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 5 പേർക്കാണ് മരുന്ന് നൽകിയത്. അപൂർവ രോഗ പദ്ധതിയുടെ ഭാഗമായിട്ടാണ് ചികിത്സ ഒരുക്കിയത്. പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. കെ.എം.എസ്.സി.എൽ. മുഖേന 53 ലക്ഷം രൂപയുടെ മരുന്നുകളാണ് ആദ്യ ഘട്ടമായി എത്തിച്ചതെന്ന് മന്ത്രി അറിയിച്ചു.
അപൂർവ രോഗങ്ങളുടെ ചികിത്സയിൽ കേരളം നടത്തുന്ന മാതൃകാപരമായ ഇടപെടലുകളെ കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രത്യേകം അഭിനന്ദിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി രോഗികളെ സന്ദർശിച്ചു. നവകേരള സദസിനിടെ പരാതി നൽകിയ അമ്മയേയും കണ്ടു. അവരുടെ കുഞ്ഞിനും മരുന്ന് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

