തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂസെല്ലോസിസ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ജന്തുജന്യ ബാക്ടീരിയൽ രോഗമായ
ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. വെമ്പായം സ്വദേശികളായ അച്ചനും മകനുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

ബാക്ടീരിയൽ രോഗമാണ് ബ്രൂസെല്ലോസിസ്. കടുത്ത പനി, ദേഹവേദന, മുഖത്ത് നീര് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. അച്ഛനും മകനും ഈ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് സാമ്പിൾ പരിശോധിക്കാൻ തീരുമാനിച്ചത്. മകനിൽ നിന്ന് ശേഖരിച്ച സാമ്പിൾ പാലോട് വെറ്റിനറി ലാബിൽ പരിശോധിച്ച് ബാക്ടീരിയബാധ സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മകൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കന്നുകാലികളുമായി അടുത്തിടപഴകുന്നവർക്കാണ് ഈ ബാക്ടീരിയ ബാധയുണ്ടാകാറുള്ളത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യത കുറവാണ്. എന്നാൽ രോഗം പിടിപ്പെട്ടാൽ ദീർഘനാൾ രോഗിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും.