തിരുവനന്തപുരം: ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും എല്ലാവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ കുറിപ്പ്.
സംഭവബഹുലമായ 5 വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നു. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേര്‍ന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രക്രിയ ആയിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കൂട്ടായ്മയും സഹമന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിസീമമായ സഹകരണവും ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് ഏറെ സഹായകരമായെന്നും ശൈലജ ടീച്ചർ പറയുന്നു.പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ കൂടുതല്‍ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസവും സംതൃപ്തിയുമുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

