സര്‍ക്കാര്‍ ലഭ്യമാക്കുന്ന അഞ്ച് പെന്‍ഷന്‍ പദ്ധതികള്‍

pention

അഞ്ച് ക്ഷേമപെന്‍ഷനുകളാണ് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ വകുപ്പ് വഴി നല്‍കുന്നത്. വാര്‍ധക്യകാല പെന്‍ഷന്‍, വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള പെന്‍ഷന്‍,വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിങ്ങനെയാണ് അത്.
വാര്‍ധക്യ പെന്‍ഷന്‍ വഴി അര്‍ഹരായവര്‍ക്ക് പ്രതിമാസം 1,200 രൂപയാണ് പെന്‍ഷനായി ലഭിക്കുക. വാര്‍ഷവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്, അറുപത് വയസ് പൂര്‍ത്തിയാകണം, സംസ്ഥാനത്ത് മൂന്ന് വര്‍ഷം സ്ഥിരമായി താമസിക്കുന്നവരാകണം ഇത്രയുമാണ് വ്യവസ്ഥകള്‍. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, പ്രായം തെളിയിക്കുന്ന രേഖ, സ്ഥിരതാമസം, തിരിച്ചറിയല്‍, വരുമാനം എന്നിവ തെളിയിക്കുന്നതിനായുള്ള രേഖകളും നല്‍കണം. അപേക്ഷ നല്‍കുന്ന തീയതി മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും. ആണ്‍മക്കളുടെ സംരക്ഷണം ഇല്ലെങ്കിലും പെന്‍ഷന്‍ അനുവദിക്കും.
വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള പെന്‍ഷന്‍ 1200 രൂപയാണ്. അപേക്ഷയുടെ രണ്ട് പകര്‍പ്പും, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്, വിവാഹമോചിതയാണെങ്കില്‍ അതിന്റെ രേഖ, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ രേഖ തുടങ്ങിയവയുമായാണ് അപേക്ഷിക്കേണ്ടത്.ഭര്‍ത്താവിനെ കാണാതായി ഏഴ് വര്‍ഷം കഴിഞ്ഞവര്‍ക്കും , 20 വയസില്‍ കൂടുതലുള്ള ആണ്‍മക്കള്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കും.
വികലാംഗ പെന്‍ഷനും 1200 രൂപയാണ് ലഭിക്കുന്നത്. അംഗവൈകല്യം സംഭവിച്ചവര്‍, ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. അസ്ഥിവൈകല്യം നാല്‍പത് ശതമാനവും, അന്ധരായവര്‍ക്ക് ലെന്‍സ് ഉപയോഗിച്ചാലും കാഴ്ചശക്തി 6/60 അഥവാ 20/200 സ്‌നെല്ലനില്‍ അധികമാകരുത്. ബധിരര്‍ക്ക് കേള്‍വിശേഷി 90 ഡെസിബെലില്‍ കുറഞ്ഞവര്‍ക്കാണ് അര്‍ഹത. ഐക്യു ലെവല്‍ അന്‍പതില്‍ താഴെയുള്ള മാനസിക വൈകല്യമുള്ളവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പകര്‍പ്പുകള്‍, സ്ഥിരതാമസം തെളിയിക്കുന്ന രേഖ, അംഗപരിമിതി തെളിയിക്കുന്ന രേഖ, വരുമാനം തെളിയിക്കാന്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുസരിച്ച് പ്രതിമാസം 1200 രൂപ ലഭിക്കും. അറുപത് വയസ് പൂര്‍ത്തിയായതും, ക്ഷേമനിധിയില്‍ അംഗത്വവുമുള്ള കര്‍ഷകന് പെന്‍ഷന് അപേക്ഷിക്കാന്‍ സാധിക്കും. പത്ത് വര്‍ഷം കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം കര്‍ഷകത്തൊഴിലാളി േക്ഷമനിധി ബോര്‍ഡില്‍നിന്നുള്ള വിടുതല്‍ സാക്ഷ്യപത്രം, പ്രായം തെളിയിക്കുന്ന രേഖ, ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമെന്നു തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെയാണ് അപേക്ഷിക്കേണ്ടത്. അന്വേഷണ റിപ്പോര്‍ട്ടില്‍ അപേക്ഷകരുടെ പേര്, വയസ്സ്, കുടുംബവരുമാനം, കുട്ടികളുടെ വിവരങ്ങള്‍, ഭാര്യ/ഭര്‍ത്താവിന്റെ വിവരങ്ങള്‍, ഭൂവുടമയുടെ േപര് എന്നിവ ഉണ്ടായിരിക്കണം.
അവിവാഹിതകള്‍ക്കുള്ള പെന്‍ഷനും പ്രതിമാസം 1200 രൂപയാണ് ലഭിക്കുന്നത്. താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. സംസ്ഥാനത്ത് സ്ഥിരതാമസക്കാരിയായ അന്‍പത് വയസ് പൂര്‍ത്തിയായവര്‍ക്ക് പെന്‍ഷന് അപേക്ഷിക്കാം. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖയും വരുമാനവും പ്രായവും, അവിവാഹിതയാണെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അവിവാഹിതരായ അമ്മമാര്‍ക്കും ഈ പെന്‍ഷന്‍ ലഭിക്കും.