ഓഗസ്റ്റ് 10 ലോക സിംഹ ദിനമായി ആചരിക്കുന്നു. ചെറിയ കുട്ടികൾക്ക് വരെ പരിചിതനാണ് സിംഹം . ചിത്രകഥകളിലും മറ്റും കാട് ഇതിവൃത്തമാകുന്ന എല്ലാ കഥകളിലും കാട്ടിലെ രാജാവ് സിംഹമാണ് എന്നതാണ് അതിന് കാരണം . ‘പാന്തറ ലിയോ’ ആണ് ശാസ്ത്രീയ നാമം . ആൺ സിംഹങ്ങക്ക് നാലടിയിലധികം ഉയരവും 275 കിലോ വരെ ഭാരവും ഉണ്ടാകും . കടുവ കഴിഞ്ഞാൽ ഏറ്റവും വലിയ മാർജാരനാണ് സിംഹം . സിംഹത്തിന് 8 ഉപവിഭാഗങ്ങളുണ്ട് . ആൺ സിംഹങ്ങൾക്ക് ഇടതൂർന്ന നീളമുളള ഭംഗിയുളള സടയുണ്ടാകും പെൺ സിംഹത്തിന് സടയുണ്ടാകില്ല . വാലിന്റെ അറ്റത്ത് കുറച്ച് ഭാഗം രോമങ്ങളുണ്ടാകും . ആരേയും കൂസാത്ത ഭാവവും , തീഷ്ണതയുളള കണ്ണുകളും , തലയുയർത്തിയുളള നിൽപ്പും ഒരു പ്രത്യേക ഭംഗി തന്നെ നൽകുന്നു സിംഹത്തിന് . രാജാവാകാൻ എന്ത്കൊണ്ടും യോഗ്യനാണ് സിംഹം . കൂട്ടമായാണ് സഞ്ചാരം . അനേകം പെൺ സിംഹങ്ങളും കുഞ്ഞുങ്ങളും പ്രായപൂർത്തിയാകാത്ത ആൺ സിംഹങ്ങളും അടങ്ങിയതാണ് ‘പ്രൈഡ് ‘ എന്ന് വിളിക്കപ്പെടുന്ന സിംഹകൂട്ടം. സംഘത്തിനെ ഒരു ലക്ഷണമൊത്ത ആൺ സിംഹമാണ് നയിക്കുക . മറ്റു ശത്രുക്കളിൽ നിന്ന് സിംഹികളേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്ന കടമ ആൺ സിംഹത്തിനാണ് . ചിലപ്പോൾ അപൂർവ്വമായി ഒന്നിലധികം ആൺ സിംഹങ്ങൾ നയിക്കുന്ന പ്രൈഡുകളും കാണാറുണ്ട് . ഇര തേടുന്നത് അധികവും പെൺസിംഹങ്ങളാണ് സീബ്ര , കാട്ടുപോത്ത് , മാൻ , പന്നി എന്നിവയാണ് മുഖ്യാഹാരം . എന്നാൽ ആഹാര ലഭ്യത കുറവുളള സന്ദർഭത്തിൽ ജിറാഫ് , ആന , കാണ്ടാമൃഗം തുടങ്ങിയ വമ്പൻമാരെയും ഇരയാക്കാറുണ്ട്. ഏതൊരു ജീവിയെപ്പോലെയും തന്റെ ആവാസ വ്യവസ്ഥ സിംഹത്തിനും പ്രധാനമാണ് . തങ്ങളുടെ സാമ്രാജ്യം സംരക്ഷിക്കുന്നതിൽ സദാ ജാഗരൂകരാണ് ആൺ സിംഹം. മൂത്രമൊഴിച്ചാണ് അതിർത്തികൾ നിശ്ചയിക്കുന്നത് . ശത്രു ആ വരകടന്നാൽ പിന്നെ ഘോര യുദ്ധമാണ് ഉണ്ടാകുക . സാധാരണ പ്രൈഡുകളായാണ് സഞ്ചാരമെങ്കിലും ചില സന്ദർഭങ്ങളിൽ 2 ആൺ സിംഹങ്ങളോ അല്ലെങ്കിൽ രണ്ടിൽ കൂടുതൽ ആൺ സിംഹങ്ങളോ ഒന്നിച്ച് സഞ്ചരിക്കാറുണ്ട് . ആ സമയത്ത് ഏറ്റവും വലിയ പോക്കിരികൾ ഇവയായിരിക്കും . സിംഹത്തിന്റെ ഏറ്റവും മുഖ്യശത്രു ഹയിന(കഴുതപ്പുലി ) യാണ് . അതിന്റെ കാരണം സിംഹങ്ങൾ വേട്ടയാടിപ്പിടിച്ച ഇരയെ കൂട്ടമായിയെത്തുന്ന ഹയിന തട്ടിയെടുക്കും .. എന്നാൽ ആൺ സിംഹത്തെ ഭയമാണ് എത്ര വലിയ ഹയിനക്കൂട്ടത്തിനും . ശക്തിയേറിയ താടിയെല്ലും മൂർച്ചയേറിയ പല്ലുകളും നഖങ്ങളും ഉപയോഗിച്ചാണ് വേട്ടയാടൽ . കുറച്ച് സമയത്തേക്ക് മാത്രമേ സ്പീഡിൽ ഓടാൻ കഴിയൂ എന്നതിനാൽ ഇരയുടെ അടുത്തേക്ക് പതിയെ പതുങ്ങിച്ചെന്ന് അടുത്തെത്തിയാൽ കുതിക്കുകയും ചെയ്യുന്നതാണ് സിംഹത്തിന്റെ ശൈലി . ഇരയുടെ കഴുത്തിന് കടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് സിംഹം ചെയ്യാറ് . 18 വർഷം വരെയാണ് ആയുസ്സ് . കിട്ടിയ ഭക്ഷണത്തിന്റെ കാൽ ഭാഗവും ആൺ സിംഹത്തിന് അവകാശപ്പെട്ടതാണ് . പെൺസിംഹങ്ങൾക്ക് അതിൽ ഒരു പരാതിയും ഉണ്ടാകില്ല കാരണം തങ്ങളുടെ സംരക്ഷണം ആൺ സിംഹത്തിൽ ഭദ്രമാകുമെന്ന് അവർക്കറിയാം …. വലിയ ജീവിയായ ജിറാഫിനേയും , ആനയേയും , ഹിപ്പോയേയും , കാണ്ടാമൃഗത്തേയും അനായാസം കീഴ്പ്പെടുത്തുന്ന സിംഹം തന്നെയാണ് കാട്ടിലെ രാജാവ് . വേട്ടയാടലും ആവാസവ്യവസ്ഥയിലെ വ്യതിചലനവും മൂലം ഭൂലോകത്തിൽ നിന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്നതിനാൽ സംരക്ഷണ വിഭാഗത്തിലാണ് സിംഹം ഇപ്പോഴുളളത് .. ഇന്ത്യയിൽ ഗുജറാത്തിൽ ഗിർവനങ്ങളിലാണ് കൂടുതലായി സിംഹങ്ങളുളളത്.
2020-08-10