നമ്മുടെ കടല്‍ത്തീരങ്ങളും പുഴയോരങ്ങളും സംരക്ഷിക്കുന്നതിന് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന ഹരിത മതിലുകളാണ് കണ്ടല്‍ക്കാടുകള്‍. സുനാമികളെപ്പോലും പ്രതിരോധിക്കാനും ചുഴലിക്കാറ്റിന്റെപോലും ശക്തി കുറയ്ക്കാനും കഴിയുന്ന ഈ പ്രകൃതിയുടെ വരദാനം പക്ഷേ മനുഷ്യന്റെ ഇടപെടലുകളിലൂടെ നശിച്ചുകൊണ്ടിരിക്കുകയാണ്.
കടല്‍ക്ഷോഭത്തിന്റെ ഈ ദിനങ്ങളില്‍ കടലില്‍ കല്ല് കൊണ്ടിട്ട് ഭിത്തി പണിയുന്നതിന് പകരം ഉപ്പുവെള്ളത്തിലും വളരുന്ന കണ്ടല്‍ ചെടികളാണ് നട്ടുപിടിപ്പിച്ചിരുന്നതെങ്കില്‍ തീരം ഫലപ്രദമായി സംരക്ഷിക്കപ്പെട്ടേനെ. കരിങ്കല്‍ കടല്‍ഭിത്തികള്‍ മത്സ്യത്തൊഴിലാളികളുടെ ജീവനും ഭീഷണി ഉയര്‍ത്തുന്നുണ്ട്. കോടിക്കണക്കിന് രൂപ ഇതിനായി പ്രതിവര്‍ഷം ചെലവാക്കപ്പെടുന്നുമുണ്ട്. പക്ഷേ ഇന്ന് കേരളത്തില്‍ ചില ഒറ്റപ്പെട്ട തുരുത്തുകളില്‍ മാത്രമാണ് കണ്ടല്‍ കാടുകള്‍ ഉള്ളത്. 590 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന തീരപ്രദേശം ഉള്ള കേരളത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന കടല്‍ക്ഷോഭങ്ങളില്‍പ്പെട്ട് വന്‍തോതില്‍ തീരശോഷണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2004 ഡിസംബര്‍ 26 ന് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി ഇന്ത്യയില്‍ ഉള്‍പ്പെടെ 2.30 ലക്ഷം ജീവിതങ്ങളെ കവര്‍ന്നെടുത്തപ്പോള്‍ കേരളത്തില്‍ മാത്രം നഷ്ടപ്പെട്ടത് 168 പേരെയാണ്. എന്നാല്‍ സുനാമി ആക്രമണം ഫലിക്കാതെ പോയത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലാണ്. അതിന് ആന്‍ഡമാനെ സഹായിച്ചത് തീരത്ത് കോട്ടപോലെ വളര്‍ന്ന് നില്‍ക്കുന്ന കണ്ടല്‍ക്കാടുകളാണ്.കേരളത്തിലെ പുതുവയ്പ്പിലും തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള പിച്ചാവരം, മുത്തുപേട് എന്നിവിടങ്ങളിലും പ്രകൃതിയുടെ ഈ സംരക്ഷണ കവചം ഫലപ്രദമായി പ്രവര്‍ത്തിച്ചതിനാല്‍ സുനാമി അവിടെ ബാധിച്ചില്ല. ലോകത്ത് 56 ഇനം കണ്ടലുകളുണ്ട്. അവയില്‍ 15 ഇനങ്ങള്‍ കേരളത്തിലുണ്ട്. ഇന്ന് തടിക്കും വിറകിനും ചതുപ്പ് നിലങ്ങള്‍ നികത്തുന്നതിനും വേണ്ടി കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. അധികവും സ്വകാര്യഭൂമിയിലുള്ളവ ആകയാല്‍ അവ ഘട്ടംഘട്ടമായി നശിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ തടയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സ്വന്തം ഭൂമിയില്‍ കണ്ടല്‍ക്കാട് ഉണ്ടെങ്കില്‍ ടൂറിസം വികസിക്കുകയും റിസോര്‍ട്ടുകളും മറ്റു പണിത് വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കിലും തീരത്തേക്ക് കാഴ്ച മറയാതിരിക്കുന്നതിനും റിസോര്‍ട്ടുകള്‍ പണിയുന്നതിനുമായി ഭൂഉടമകള്‍ അവയെ വെട്ടിമാറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തില്‍ ഏകദേശം 1700 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കണ്ടല്‍ വനങ്ങളുണ്ടായിരുന്നത്രെ. കേരളത്തിലെ 10 ജില്ലകളിലായുള്ള 21.12 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍വനങ്ങളില്‍ 4.40 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ വനങ്ങള്‍ക്ക് മാത്രമാണ് നിയമാനുസൃത സംരക്ഷണം ഉറപ്പാക്കാനായിട്ടുള്ളത്. ബാക്കിയുള്ള 16.72 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ക്കാടുകള്‍ക്കും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. പ്രകൃതിക്കു പലവിധ സഹായങ്ങളാണ് കണ്ടല്‍ച്ചെടികള്‍ നല്‍കുന്നത്. ഉപ്പുവെള്ളത്തെ വലിച്ചെടുത്ത് ശുദ്ധജലമാക്കാന്‍ ഇവയ്ക്കു കഴിയും. തീരദേശങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന സ്ഥലത്തിന് സമീപത്തെ കിണറുകളിലെ ഉപ്പുകലര്‍ന്ന വെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കും. പരിസ്ഥിതി ആവാസ വ്യവസ്ഥയുടെ സംരക്ഷകരാണ് കണ്ടലുകള്‍. ചെറുപ്രാണികളും മത്സ്യങ്ങളും മുതല്‍ കാട്ടുജീവികള്‍ വരെ വസിക്കുന്ന വലിയൊരു ആവാസ വ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍. മത്സ്യ ആവാസ വ്യവസ്ഥയുമായി വലിയ ബന്ധമാണ് കണ്ടല്‍ക്കാടുകള്‍ക്കുള്ളത്.ഒരു ഹെക്ടര്‍ കണ്ടലുണ്ടെങ്കില്‍ വലിയൊരളവ് മത്സ്യസമ്പത്തിനെ സംരക്ഷിക്കാന്‍ കഴിയും. പ്രകൃതിദത്തമായ ഹാച്ചറിയാണ് കണ്ടല്‍ക്കാടുകള്‍. തീരശോഷണം തടയാന്‍ കണ്ടലുകള്‍ക്കു കഴിയും. വേരുകള്‍ കോര്‍ത്തുകെട്ടി അവ കെട്ടുന്ന വേലി തീരത്തിനു കരിങ്കല്‍ഭിത്തിയെക്കാളും സംരക്ഷണം നല്‍കും. യാതൊരു ചെലവും വരുന്നില്ലതാനും. പലതരം കണ്ടല്‍ചെടികളുടെയും ധാരാളം ഓരു ജല മത്സ്യങ്ങളുടെയും പലതരം ഞണ്ടുകളുടെയും ജലപ്പക്ഷികളുടെയും സ്വാഭാവികമായ ആവാസവ്യവസ്ഥയും പ്രജനന കേന്ദ്രവുമാണ് ഈ കണ്ടല്‍. കണ്ടല്‍ക്കാടുകളാണ് മത്തിപോലുള്ള മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന കേന്ദ്രം. കണ്ടല്‍ ആവാസ വ്യവസ്ഥയുടെ തണലിലാണ് ഇത്തരം മത്സ്യഇനങ്ങളുടെ ആദ്യകാല പോഷണം. മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യകാല വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ ലഭിക്കുന്നതു കണ്ടല്‍ വളരുന്ന വെള്ളത്തിലാണ്. കണ്ടല്‍ക്കാടുകള്‍ ഇല്ലാതായാല്‍ ഈ മത്സ്യങ്ങളും സുരക്ഷിത തീരം തേടും. ഭക്ഷ്യ സുരക്ഷയെയും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെയുമൊക്കെ അത് ബാധിക്കും. ദേശാടനക്കിളികളുടെ പ്രിയ ഇടം കൂടിയാണ് കണ്ടല്‍ക്കാടുകള്‍. ഇപ്പോള്‍ തന്നെ മത്തിയുള്‍പ്പെടെ പല ഇനം മത്സ്യങ്ങളും കേരളതീരം വിട്ടുപോയതായാണ് പഠനങ്ങള്‍ പറയുന്നത്. 1971 ല്‍ ഇറാനിലെ റാംസറില്‍ നടന്ന അന്തര്‍ദേശീയ തണ്ണീര്‍ത്തട കണ്‍വെന്‍ഷനില്‍ തീരവനങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും 2004 ലെ സുനാമി വേണ്ടിവന്നു നമുക്ക് ഇവയുടെ അസാന്നിദ്ധ്യം വരുത്തിവയ്ക്കുന്ന ഭീകരതയുടെ അളവ് മനസിലാക്കാന്‍. കണ്ടല്‍ സംരക്ഷണത്തിനായി തീരവനം, ഹരിതതീരം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് വനം വകുപ്പ് നടപ്പിലാക്കുന്നത്. തീരപ്രദേശങ്ങളില്‍ കാറ്റാടിപോലുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ച് തീരം സംരക്ഷിക്കുന്നതോടൊപ്പം എപ്പോഴും തിരയടിക്കുന്ന ഭാഗങ്ങളില്‍ സുനാമി ഉള്‍പ്പെടെയുള്ള കടല്‍ക്ഷോഭങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കണ്ടല്‍ച്ചെടികളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുന്ന ഹരിതതീരം പദ്ധതിയും വനം വകുപ്പ് നടപ്പാക്കി വരുന്നുണ്ട്. തീരപ്രദേശങ്ങളില്‍ കയര്‍ബാഗുകള്‍ സ്ഥാപിച്ച് മണല്‍ നിറച്ച് അവയില്‍ കണ്ടല്‍ച്ചെടികള്‍ വളര്‍ത്തിയെടുക്കുന്ന രീതി വിജയപ്രദമാണെന്ന് കണ്ടിട്ടുണ്ട്. അവ പൂര്‍ണ വളര്‍ച്ചയെത്തുമ്പോഴേക്ക് കയര്‍ ബാഗുകള്‍ നശിച്ചാലും കണ്ടല്‍ച്ചെടികള്‍ സംരക്ഷണ കവചമായി ഒരു കോട്ടപോലെ നിലയുറപ്പിച്ച് കഴിഞ്ഞിരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള 235 ഹെക്ടര്‍ കണ്ടല്‍ വനം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 925 ഹെക്ടര്‍ കണ്ടല്‍വനം പ്രതിഫലം നല്‍കിക്കൊണ്ട് ഏറ്റെടുക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് മിഷന്‍ മാംഗ്രൂവ്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 237.92 ഹെക്ടര്‍ കണ്ടല്‍വനം റിസര്‍വ് ഫോറസ്റ്റായും കോഴിക്കോട് 2.82 ഹെക്ടറും കാസര്‍കോട് 54.70 ഹെക്ടറും തൃശൂര്‍ ജില്ലയില്‍ 3.39 ഹെക്ടറും മലപ്പുറം ജില്ലയില്‍ 20.78 ഹെക്ടറും പ്രൊപ്പോസ്ഡ് റിസര്‍വായും പ്രഖ്യാപിക്കുകയും അത് സംരക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥായിയായ ജനപങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുണ്ട്. പൊതുജനങ്ങളുടെയും തീരവാസികളുടെയും സഹകരണമില്ലെങ്കില്‍ കണ്ടല്‍ച്ചെടികള്‍ ഉപയോഗിച്ചുള്ള തീരസംരക്ഷണം ഫലപ്രദമാവുകയില്ല. കണ്ടല്‍ വ്യാപിക്കുന്നതോടെ മത്സ്യലഭ്യത പതിന്മടങ്ങ് വര്‍ധിക്കും. ഇക്കാര്യം ജനങ്ങളെ പ്രത്യേകിച്ച് സമുദ്രാശ്രിത സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി മനുഷ്യന്‍ പരക്കം പായുമ്പോള്‍ ഇത്തരം ഹരിത തീരങ്ങള്‍ ഇല്ലാതെ ഇനി നമുക്ക് മുന്നോട്ടു പോകാനാവില്ല.
2020-08-04

