കേരളനാട്ടിൽ ഈയടുത്ത കാലം വരെ ധാരാളം കണ്ടുവന്നിരുന്ന അതിമനോഹരങ്ങളായ പൂക്കളുള്ള ഈ ചെടി ഇപ്പോൾ മരുന്നിനു പോലും കിട്ടുന്നില്ല. വർഷത്തിൽ ഒരു തവണ പൂവിടുന്ന ഈ ചെടി അപൂർവ്വമായി രണ്ടു തവണയും പൂവിടാറുണ്ട്. പൂക്കാലം 1-2 ആഴ്ചയോളം നിലനിൽക്കും. നിറയെ പൂത്തു നിൽക്കുന്ന കാശാവ് കാണേണ്ട കാഴ്ചതന്നെയാണ്. പുതു തലമുറക്ക് അന്യമായ ഈ കാഴ്ച പഴമക്കാർക്ക് എന്നും മധുരമായ ഓർമ്മയാണ്. പൂക്കളുടെ നിറം ഭഗവാൻ ശ്രീകൃഷ്ണൻ്റെ നിറത്തോടും കാമിനിയുടെ കണ്ണുകളോടും ഉപമിച്ചുള്ള ഗാനങ്ങൾ എന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തിക്കളിക്കാറുള്ളതാണല്ലോ.
സമുദ്ര നിരപ്പിലും,സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും അറിയപ്പെടുന്നു.ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം, കേരളത്തിലെ പശ്ചിമഘട്ടത്തിലും കൂടാതെ കർണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു.
പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി നല്ല ഒരു ഔഷധവുമാണ്. ശാസ്ത്രനാമം Memecylon umbellatum. വെട്ടുകല്ല് സംപുഷ്ടമായ ഇടനാടുകളിലാണ് ഈ ചെടി കൂടുതൽ കണ്ടുവരുന്നത്. സംസ്കൃത്തിൽ നീലാഞ്ചനി എന്ന് അറിയപ്പെടുന്നു. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. മണ്ണൊലിപ്പ് തടയാനുള്ള വേരുകളുടെ പ്രത്യേക കഴിവു മൂലം ചരിവുള്ള പ്രതലങ്ങളിൽ ഇവ വച്ചു പിടിപ്പിക്കാറുണ്ട്.
ഈ ചെടിയുടെ ഇലകളുടെ പ്രത്യേകത അതിനു മധുര രസത്തോടുകൂടിയ ഒരു കഷായ രുചി ഉണ്ട് എന്നതാണ്. ബേക്കറികളും പലഹാരങ്ങളും അന്യമായിരുന്ന പണ്ടുകാലത്ത് പ്രകൃതി ഒരുക്കി വച്ച കുട്ടികളുടെ പ്രിയപ്പെട്ട വിഭവമായിരുന്നു ഇതിൻ്റെ ഇലകൾ. ഇല ചവച്ചു തുപ്പി സ്കൂളിൽ പോയിരുന്ന കാലം അനുഭവിച്ചവർക്കു മറക്കാനാവില്ല. മാത്രമല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള സവിശേഷ ഗുണം മൂലം പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ കുട്ടികളെ ഈ ചെടി രക്ഷിച്ചു പോന്നിരുന്നു. ഇല ചവച്ചു നീരിറക്കിയാൽ എത്ര കടുത്ത വിശപ്പും മാറും. ഇത് പഞ്ഞകാലത്ത് വിശപ്പിനെ പ്രതിരോധിക്കുവാനുള്ള നല്ല മാർഗ്ഗവുമായിരുന്നു.
കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കുന്നതിന് ഉത്തമമാണ്. കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചുവരുന്നു. ജന്തുക്കളുടെ ഉപദ്രവങ്ങൾ തടയുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിന് വീടുകളിൽ കാശാവിൻ വടി കരുതിവക്കുന്നവരുണ്ട്.
ചില വീട്ടുചികിത്സകൾ
- ദിവസവും ഓരോ ഇല വീതം ചവച്ചു നീരിറക്കുന്നത് രോഗപ്രതിരോധത്തിനും ജരാ നരകളെ ഒരു പരിധിവരെ തടയുന്നതിനം നല്ലതാണ്.
- പഴുത്ത പഴം കഴിക്കുന്നത് മലശോധനക്ക് നന്ന്.
- ഒരു പിടി ഇല ചതച്ചു തിളച്ച വെള്ളത്തിൽ ഇട്ടു വച്ചു ആ വെള്ളം ആവശ്യാനുസരണം സേവിക്കുക. സ്ത്രീകൾക്കുണ്ടാവുന്ന വെള്ളപോക്ക്, രക്തം പോക്ക് എന്നിവയ്ക്കു ശമനം കിട്ടുന്നു.
- ഇല അരച്ചു ഇടുന്നത് ചതവിനു നല്ലതാണ്.
- ശരീരത്തിൻ്റെ ചുട്ടുനീറ്റൽ കുറയ്ക്കുവാൻ പഴം നല്ലതാണ്.