ലോക പ്രകൃതി സംരക്ഷണ ദിനം (World Nature Conservation Day)

ലോക പ്രകൃതി സംരക്ഷണ ദിനം

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം.അനുദിനം ശുഷ്കമാക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ വന സമ്പത്തിനെ കുറിച്ച്‌ ഓര്‍ക്കുവാനും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുവാനും ഉള്ള ഒരു സുദിനം. കോടാനുകോടി സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന ഭൂമി എത്ര സുന്ദരി. മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ ഭൂമി എത്രയോ മനോഹരിയാണ്. കാടും കാട്ടാറുകളും കാട്ടാനകളും താഴ്‌വരകളും മരുഭൂമിയുമൊക്കെയുളള അനുഗൃഹീത ഭൂപ്രദേശം. പുഴകളും പൂക്കളും പൂമ്പാറ്റകളും നീല ജലാശയവും മഞ്ഞണിഞ്ഞ് മരതകപ്പട്ടുടുത്ത മലനിരകളും മഴയുമെല്ലാമുളള സുന്ദരഭൂമി. സ്ഥലത്തിന്റെയും കാലത്തിന്റെയും അനന്തതയില്‍ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി കോടാനുകോടി വര്‍ഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയെന്ന അത്ഭുത ഗ്രഹം. ജീവന്റെ അറിയപ്പെടുന്ന ഏക ഗോളം. മനുഷ്യന് ആവശ്യമുളളതെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍ അവന്റെ അത്യാഗ്രഹത്തിനുളള വക മാത്രം ഇല്ല. നമുക്ക് വേണ്ടതെല്ലാം തരുന്ന ഭൂമിയേയും അവളുടെ സുന്ദര പ്രകൃതിയേയും നാം ചൂഷണം ചെയ്യുമ്പോള്‍ ഭൂമിയുടെ നിലനില്‍പിനേയും വരുന്ന തലമുറയ്ക്ക് ഉപയോഗിക്കുവാനുളള സ്വാതന്ത്ര്യത്തെയും നാമറിയാതെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വന്തം മാതാവിനെ പോലെ പ്രകൃതി മാതാവിനെ പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. പൂര്‍വികര്‍ നമുക്ക് നല്‍കിയ മനോഹരമായ ഈ ലോകം അതുപോലെ ഭാവി തലമുറക്ക് കൈമാറാന്‍ നാം ബാദ്ധ്യസ്ഥരാണ് എന്നോര്‍ക്കുക.

പ്രകൃതി സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – പച്ചപ്പുകള്‍ സംരക്ഷിക്കുക, ജലാശയങ്ങള്‍ ശുചിയായി സൂക്ഷിക്കുക, കീടനാശിനികള്‍ ഉപേക്ഷിക്കുക, ജൈവവളം ഉപയോഗിക്കുക, അന്തരീക്ഷ മലിനീകരണം തടയുക, മഴവെള്ളം സംഭരിക്കുക, പച്ചക്കറി കൃഷിയും പൂന്തോട്ടവും നിര്‍ബന്ധമാക്കുക, പ്രകൃതിയെ സംരക്ഷിക്കാനായി വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുക. ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമായി നിലനില്‍ക്കാനാവില്ല. നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികള്‍ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. മനുഷ്യരും പ്രകൃതിയും ജന്തുക്കളും സസ്യങ്ങളും അന്തരീക്ഷത്തിലെ ഓരോ ഘടകവും അതിലെ കണ്ണികളാണ്. പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വന സംരക്ഷണം, മൃഗസംരക്ഷണം, നദീജല സംരക്ഷണം എന്നിവ. ആധുനിക മനുഷ്യന്റെ അതിരറ്റ ഉപഭോഗാസക്തിമൂലം ഒട്ടനവധി ജീവജാലങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ ഭൂമിയിലുളള സസ്യങ്ങളും ജന്തുക്കളും അടുത്ത നൂറ്റാണ്ടില്‍ പകുതിയായി കുറയുമെന്ന് പറയുന്നു.