ഡോ.എ.പി.ജെ. അബ്ദുൽ കലാം : ഓർമ്മയായിട്ട് ഇന്ന് 5 വർഷം.

ഓർമ്മയായിട്ട് ഇന്ന് 5 വർഷം.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) ‘ഡോ. എ.പി.ജെ. അബ്ദുൽ കലാം’ (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായ മിസൈൽ സാങ്കേതിക
വിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി
വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടി-യുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-യുടെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു. 2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്.

അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു. 2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദ്യകാല ജീവിതം, വിദ്യാഭ്യാസം* ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്, ധനുഷ്കോടി – രാമേശ്വരം യാത്രയ്ക്കുള്ള ബോട്ടുകൾ വാടകയ്ക്ക് കൊടുക്കുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്റേത്. രാമേശ്വരത്തെ ഹൈന്ദവ മതനേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളമായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ അവിടത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി കടന്നുപോയിരുന്ന ട്രെയിനുകൾ അവിടെ നിർത്താതിരുന്ന അക്കാലത്ത് പത്രങ്ങൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തുകൂട്ടുന്നതിൽ ഷംസുദ്ദീനെ അബ്ദുൾ കലാം സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. കലാം ജനിച്ച വീട് രാമേശ്വരത്തെ മോസ്ക് സ്ട്രീറ്റിൽ ഇന്നും കാണാവുന്നതാണ്. അദ്ദേഹത്തിന്റെ സഹോദരൻ നടത്തുന്ന അപൂർവകൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു കടയും ഇതിനോടുചേർന്നുതന്നെ കാണാം. “സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ് ആത്മകഥയായ അഗ്നിച്ചിറകുകളിൽ നിന്നും ഒരു വാചകം രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു.എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. കലാമിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവ് ജലാലുദ്ദീൻ ആയിരുന്നു ആ ഗ്രാമത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനറിയാവുന്നവരിൽ ഒരാൾ. ജലാലുദ്ദീൻ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചും, ശാസ്ത്രനേട്ടങ്ങളെക്കുറിച്ചും അബ്ദുൾ കലാമിനോടു പറയുമായിരുന്നു. കലാമിന്റെ വിദ്യാഭ്യാസത്തിൽ ജലാലുദ്ദീൻ നല്ല പങ്കു വഹിച്ചിട്ടുണ്ട്. രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954-ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു. ‘ആകാശങ്ങളിൽ പറക്കുക’ എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങൾ കലാം സൂക്ഷ്മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്. 1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. വിമാനങ്ങളുടെ പൈലറ്റാവാനായിരുന്നു കലാമിനു ആഗ്രഹം. വ്യോമസേനയുടെ പൈലറ്റ് പരീക്ഷയിൽ പരാജയപ്പെട്ടത് കലാമിനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. എട്ട് ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂവിൽ കലാമിൻെറ സ്ഥാനം ഒമ്പതാമതായിരുന്നു.

കെ.ആർ.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന കെ.ആർ. നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി.ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ.എസ്.രാധാകൃഷ്ണനും ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ.ശേഷം പ്രണബ് മുഖർജിക്കും ഭാരതരത്ന ലഭിച്ചു. രാഷ്ട്രപതിയെക്കുറിച്ചുള്ള ചർച്ചകളിലെവിടെയും പരാമർശിക്കപ്പെടാതെ, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിന്നിൽ, രണ്ട് മലയാളികളുണ്ട്. ഇരുധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയനിലപാടുകളുള്ള ബി.ജെ.പി. നേതാവ് ഒ.രാജഗോപാലും കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയും. 2002-ൽ രാഷ്ട്രപതിഭവനിൽ കെ.ആർ.നാരായണന്റെ സേവനകാലാവധി തീരുന്നതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെന്ന ചർച്ച കേന്ദ്രത്തിൽ എ.ബി.വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ ആരംഭിച്ചിരുന്നു. കോൺഗ്രസ്സിനുകൂടി സ്വീകാര്യനായ ആളിനുമാത്രമേ സാധ്യതയുണ്ടായിരുന്നുള്ളു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മലയാളിയായ പി.സി.അലക്‌സാണ്ടറെ നിർദ്ദേശിക്കാൻ ബി.ജെ.പി. തീരുമാനിച്ചു. ന്യൂനപക്ഷ സമുദായാംഗമാകണം പുതിയ രാഷ്ട്രപതി എന്ന തീരുമാനമാണ് മലയാളിയായ അലക്‌സാണ്ടറെ പരിഗണിക്കാൻ ബി.ജെ.പി.യെ പ്രേരിപ്പിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് അലക്‌സാണ്ടറുടെ പേരിനോട് താല്പര്യം കാട്ടിയില്ല. ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ അബ്ദുൾ കലാമിന്റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് വാജ്പേയ് ഗവൺമെന്റിൽ റെയിൽവേ വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ ഒ.രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്പേയിയെ നേരിൽക്കണ്ട് രാജഗോപാൽ നിർദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരൻ, ‘കലാം അയ്യർ’ എന്ന് വിളിപ്പേരു വീണ മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാൽ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചു. രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചിലർ കലാമിന്റെ ന്യൂനതയായി പറഞ്ഞിരുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യതകളിലൊന്നായി താൻ പ്രധാനമന്ത്രിക്കുമുന്നിൽ വെച്ചതെന്നും രാജഗോപാൽ പിന്നീട് പറഞ്ഞിരുന്നു. ഒ. രാജഗോപാലിന്റെ നിർദ്ദേശത്തെ, മറ്റൊരു മലയാളിയായ അന്നത്തെ കേരള മുഖ്യമന്ത്രി ആന്റണിയാണ്‌ കോൺഗ്രസ് പ്രതിനിധിയായി ആദ്യം ശരിവച്ചത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിൻവലിച്ചു. രാഷ്ട്രപതി ഭവനിലേക്ക് രണ്ടാംവട്ടം എത്തുന്ന കാര്യം പറയുമ്പോൾ, കലാമിന് മുൻനിര രാഷ്ട്രീയപാർട്ടികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ലായിരുന്നു. കലാമിന്റെ പിൻഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിന്റെ പേർ വീണ്ടും സജീവമായി ഉയർന്നു വന്നു. കലാം രാഷ്ട്രപതിയാവാൻ വീണ്ടും തയ്യാറാണെങ്കിൽ പിന്തുണ നൽകാൻ തയ്യാറാണെന്ന് ചില രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ അറിയിച്ചുവെങ്കിലും, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താനിനിയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നു പറഞ്ഞുകൊണ്ട് കലാം തന്നെ രംഗത്തെത്തി. മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. 2012 ഡോക്ടർ ഓഫ് ലോ സൈമൺ ഫ്രേസർ സർവ്വകലാശാല 2011 ഐ.ഇ.ഇ.ഇ ഓണററി അംഗത്വം ഐ.ഇ.ഇ.ഇ 2010 ഡോക്ടർ ഓഫ് എഞ്ചിനീയറിംഗ് വാട്ടർലൂ സർവ്വകലാശാല 2009 ഹൂവർ പുരസ്കാരം എ.സ്.എം.ഇ ഫൗണ്ടേഷൻ, അമേരിക്ക 2009 ഇന്റർനാഷണൽ വോൺ കാർമാൻ വിംഗ്സ് അവാർഡ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അമേരിക്ക 2008 ഡോക്ടർ ഓഫ് എഞ്ചിനീയറിംഗ് (ഓണററി) നന്യാംഗ് ടെക്നോളജിക്കൽ സർവ്വകലാശാല, സിങ്കപ്പൂർ 2007 കിങ് ചാൾസ് II മെഡൽ റോയൽ സൊസൈറ്റി, യുണൈറ്റഡ് കിങ്ഡം 2007 ഓണററി ഡോക്ടറേറ്റ് ഓഫ് സയൻസ് വോൾവർഹാംപ്ടൺ സർവ്വകലാശാല, യുണൈറ്റഡ് കിങ്ഡം 2000 രാമാനുജൻ പുരസ്കാരം ആൽവാഴ്സ് ഗവേഷണ കേന്ദ്രം, ചെന്നൈ 1998 വീർ സവർക്കർ പുരസ്കാരം ഭാരത സർക്കാർ 1997 ഇന്ദിരാഗാന്ധി അവാർഡ് ഫോർ നാഷണൽ ഇന്റഗ്രേഷൻ ഭാരത സർക്കാർ 1997 ഭാരത രത്നം ഭാരത സർക്കാർ 1990 പത്മവിഭൂഷൺ ഭാരത സർക്കാർ 1981 പദ്മഭൂഷൺ ഭാരത സർക്കാർ

2015 ജൂലൈ 27ന് ഷില്ലോംഗിൽ വച്ച് കലാം അന്തരിച്ചു. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മൃതദേഹം ആദ്യം ഡൽഹിയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് ജന്മനാടായ രാമേശ്വരത്തെത്തിച്ചു. അവിടെയുള്ള പൈക്കറുമ്പ് ശ്മശാനത്തിൽ വച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുത്തു. ഗൂഗിൾ അനുശോചനം കറുത്ത റിബൺ ധരിച്ചാണ്‌ എ.പി.ജെ.അബ്ദുൽ കലാമിന്റെ മരണത്തിന്‌ ഗൂഗിൾ അനുശോചനം നൽകിയത്.

കലാം സ്‌മാരകം അബ്‌ദുൽ കലാമിനെ കബറടക്കം നടത്തിയ തങ്കച്ചിമഠം പഞ്ചായത്തിലെ പേക്കരിമ്പിലെ ഒന്നരയേക്കർ ഭൂമിയിൽ സ്‌മാരകം നിർമ്മിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. മധുര–രാമേശ്വരം ദേശീയപാതയിൽ സഞ്ചരിച്ചാൽ, പാമ്പൻപാലം കടന്ന് 10 കിലോമീറ്ററിനുള്ളിലാണ് കലാം അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി. കലാം ഡെൽഹിയിൽ താമസിച്ചിരുന്ന രാജാജി നഗറിലെ വീട് കുട്ടികളുടെ മ്യൂസിയമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയിലെ ഒറീസാ തീരത്തിന് ചേർന്നുള്ള ഭദ്രക് ജില്ലയിലെ ചെറു ദ്വീപാണ് വീലർ ദ്വീപ് എന്നറിയപ്പെട്ടിരുന്ന അബ്ദുൽ കലാം ദ്വീപ്. ഇന്ത്യയിലെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ് ദ്വീപാണിത്. രാജ്യത്തിന്റെ പ്രധാനമായ ദീർഘദൂര ഉപരിതല മിസൈലുകൾ എല്ലാം ഇവിടെയാണ് പരീക്ഷിച്ചിട്ടുള്ളത്. എ.പി.ജെ അബ്ദുൽ കലാമിന് ആദരമർപ്പിച്ച് ഒഡീഷ സർക്കാറാണ് 2015-ൽ പേര് മാറ്റിയത്.