ദേശീയ ബ്രോഡ്കാസ്റ്റിംഗ് ദിനം (National Broadcasting Day)

ദേശീയ ബ്രോഡ്കാസ്റ്റിംഗ് ദിനം

1927-ലെ ഈ ദിനത്തിലാണ് പിന്നീട് ഓൾ ഇന്ത്യാ റേഡിയോയ്ക്ക് കാരണമായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് കമ്പനി ലിമിറ്റഡ് (ഐ.ബി.സി.) എന്ന സ്ഥാപനത്തിന്റെ ആദ്യ റേഡിയോ സ്റ്റേഷൻ ബോംബെയിൽ ആരംഭിച്ചത് പ്രക്ഷേപണ ചരിത്രത്തിലെ നാഴികക്കല്ലായി.ഇന്ത്യൻ വാർത്താവിനിമയ ചരിത്രത്തിലെ ശ്രദ്ധേയമായ ദിനമാണ് ജൂലായ്‌ 23. 1927 ഓഗസ്റ്റ് 26 ന് കൽക്കട്ടയിലും പ്രക്ഷേപണത്തിന് കമ്പനി തുടക്കമിട്ടു. എന്നാൽ 1923-ൽ തന്നെ ഒരു സ്വകാര്യ സംരംഭമെന്ന നിലയിൽ ബോംബെ, കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിൽ മൂന്ന് റേഡിയോ ക്ലബ്ബുകൾ ആരംഭിച്ചിരുന്നു. ചെറുചർച്ചകൾ, സംഗീതം എന്നിവയുൾപ്പെട്ട പരിപാടികൾ മൂന്നുമണിക്കൂറോളം പ്രക്ഷേപണം ചെയ്യപ്പെട്ടു. എന്നാൽ 1927-ൽ സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്റ്റേഷനുകൾ പൂട്ടി. അങ്ങനെയാണ് ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലയിൽ ആരംഭിച്ച ഐ.ബി.സി.യാണ് പ്രക്ഷേപണത്തെ തടസ്സമില്ലാതെ മുന്നോട്ട് നയിച്ചത്. 1930-ൽ പ്രവർത്തനം നഷ്ടത്തിലായതോടെ പൂർണ്ണമായും ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലായി റേഡിയോ പ്രക്ഷേപണം. തൊഴിൽ, വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു പിന്നീട് റേഡിയോ പ്രക്ഷേപണം. 1932-ൽ ബി.ബി.സി.യുടെ പ്രക്ഷേപണവും ഇന്ത്യയിലാരംഭിച്ചു. മാത്രവുമല്ല ഇന്ത്യൻ താരിഫ് ആക്ട് (വയർലെസ്സ്) നിയമവും ആവിഷ്‌കരിച്ചു. ഇതിനോടൊപ്പം ഓർമ്മിക്കേണ്ടതാണ്
1935 ഫെബ്രുവരി മൂന്നിന് ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഭാഗമായി നൈസാം ആരംഭിച്ച ഡെക്കാൻ റേഡിയോ. ഇന്ത്യൻ വയർലെസ്സ് പ്രക്ഷേപണം താരിഫ് നിയമത്തിന്റെ അടിസ്ഥാനത്തിൽ റേഡിയോ ഉപയോഗിക്കുന്നതിന് ലൈസൻസ് വേണമെന്നായി. ലൈസൻസ് ഇല്ലാതെ റേഡിയോ ഉപയോഗിക്കുന്നത് കുറ്റകരമായത് ഒരു പക്ഷേ റേഡിയോയ്ക്ക് പ്രാധാന്യം ലഭിക്കാൻ ഇടയാക്കിയിരിക്കാം. മാത്രമല്ല സർക്കാരിന് വരുമാനം നേടാനുള്ള ഒരു മാർഗമായും മാറി. 1935 മാർച്ചിൽ തൊഴിൽ വകുപ്പിന്റെ കീഴിൽ ബ്രോഡ്കാസ്റ്റിങ് കൺട്രോളർ എന്ന തസ്തിക നിലവിൽ വന്നു. ബ്രിട്ടനിൽ ജനിച്ച ബി.ബി.സി.യിലെ ഉദ്യോഗസ്ഥനായ ലിയോണൽ ഫീൽഡൺ ആദ്യ ബ്രോഡ്കാസ്റ്റിങ് കൺട്രോളറായി ചുമതലയേറ്റു. അതിനോടൊപ്പം ഡൽഹി സ്റ്റേഷനും ആരംഭിച്ചു. 1936 ജൂൺ 8-ന് സ്ഥാപനത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ചു. 1937-ന് പ്രക്ഷേപണത്തിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് എന്ന വകുപ്പ് രൂപം കൊണ്ടു. 1938-ൽ രബീന്ദ്രനാഥ ടാഗോർ കൽക്കട്ടയിലാരംഭിച്ച പുതിയ ഷോർട്ട്‌വേവ് റേഡിയോ സ്റ്റേഷനോടനുബന്ധിച്ച് ആകാശവാണി എന്ന പേരിലൊരു കവിത രചിച്ചു. 1957-ൽ ഓൾ ഇന്ത്യാ റേഡിയോയ്ക്ക് ആകാശവാണി എന്ന പ്രക്ഷേപണനാമം ലഭിച്ചു.

1939-ൽ പ്രൊഫ. എ.എസ്. ബൊഖാരി ഓൾ ഇന്ത്യാ റേഡിയോയുടെ തലവനായി. ആദ്യ ഡയറക്ടർ ജനറലായി നിയമിതനായ ബൊഖാരിയുടെ കാലത്താണ് ലഖ്‌നൗ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും പുതിയ സ്റ്റേഷനുകളാരംഭിച്ചത്. 1940-ൽ മലയാളമുൾപ്പെടെ നിരവധി ഭാഷയിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യാനാരംഭിച്ചു.
1957-ൽ വിവിധ് ഭാരതിയുടെ തുടക്കം പ്രക്ഷേപണത്തിൽ വിപ്ലവം സൃഷ്ടിച്ചു. 1959-ൽ ചെഗ്വേരയുമായി കെ.പി.ഭാനുമതി നടത്തിയ ഇന്റർവ്യൂ റേഡിയോയുടെ പ്രാധാന്യവും അംഗീകാരവും സൂചിപ്പിക്കുന്ന സംഭവങ്ങളിലൊന്നായി. 1990-ൽ പാർലമെന്റ് പാസ്സാക്കിയ പ്രസാർഭാരതി നിയമവും റേഡിയോയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. 1959-ലെ ദൂരദർശന്റെ വരവും എ.കെ.ചന്ദയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിർദ്ദേശങ്ങളും റേഡിയോയുടെ ചരിത്രത്തെ സ്വാധീനിച്ച സംഭവങ്ങളായി. 1995-ൽ എഫ്.എം. സ്റ്റേഷനുകൾ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തതോടെ റേഡിയോ പ്രക്ഷേപണം പുതിയ കാലത്തേയ്ക്ക് പ്രവേശിച്ചു. ഇന്ത്യയുടെ ചരിത്രത്തേയും ജീവിതത്തേയും അടയാളപ്പെടുത്തിയ ആകാശവാണി ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ ജനിച്ച വാൾട്ടർ കൗഫ്മാന്റെ അതിമനോഹരമായ സിഗ്‌നേച്ചർ ട്യൂണിലൂടെ ഇന്നും നമ്മുടെ കേൾവിയെ ഹൃദയഹാരിയാക്കുന്നു. അങ്ങനെ ഒരു രാജ്യത്തിന്റെ ശബ്ദമായി മാറുന്നു ആകാശവാണി.