ദേശീയ മാമ്പഴ ദിനം (National Mango Day)

National Mango Day

ജൂലൈ 22 ദേശീയ മാമ്പഴ ദിനമാണ് . നമ്മുടെ നാടന്‍ മാവുകളെയും വൈവിധ്യമേറിയ മാമ്പഴങ്ങളേയും സംരക്ഷിച്ചു നിര്‍ത്തണമെന്ന് ഓർമിപ്പിക്കുന്ന ദിനം. പുതിയ കാലഘട്ടത്തില്‍ മാവുകളോടും മാമ്പഴങ്ങളോടും താല്‍പര്യം വർധിച്ചു വരുന്നത് ഗുണപരമായി കാണാമെങ്കിലും നാടന്‍ ഇനങ്ങളെ മറന്ന് വൈദേശിക ഇനങ്ങളിലേക്കാണ് പലരും ചേക്കേറുന്നത്. നട്ടുപിടിക്കുന്നതില്‍ കൂടുതലും ബഡ്ഡും ഗ്രാഫ്റ്റും ചെയ്ത മാവുകളും. ഇത്തരം മാവുകളില്‍ മാങ്ങയുടെ എണ്ണം കുറവായിരിക്കുമെന്നതു പോലെ മാവിന്‍റെ ആയുസ്സും കുറവായിരിക്കും. പൊതുവില്‍ മുറ്റത്തും തൊടിയിലുമുള്ള നാടന്‍ മാവുകള്‍ വെട്ടിക്കളഞ്ഞ് മറ്റിനങ്ങളുടെ ബഡ്ഡിനങ്ങളോ ഗ്രാഫ്റ്റിനങ്ങളോ വെയ്ക്കുകയാണ് പലരും ചെയ്യുന്നത്.

നല്ലൊരു നാടന്‍ മാവിന് പടര്‍ന്നു പന്തലിച്ച് നിവര്‍ന്നു നില്‍ക്കാന്‍ രണ്ടു മുതല്‍ രണ്ടര സെന്‍റ് സ്ഥലമെങ്കിലും വേണ്ടി വരും. ഒരു സാധാരണ വീട് നിർമിക്കാന്‍ തന്നെ ഇത്രയും സ്ഥലം ആവശ്യമില്ലെന്ന് കരുതുന്നവര്‍ എങ്ങിനെയാണ് മാവുകളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നതാണ് പ്രസക്തമായ ചോദ്യമാണ്. ഒരു സെന്‍റിലും ഒന്നര സെന്‍റിലും ഒതുങ്ങുന്ന അണുകുടുംബങ്ങളിലേക്ക് ബഡ്ഡായും ഗ്രാഫ്റ്റായും മാവിന്‍ തൈകള്‍ പിന്നീട് കടന്നെത്തിയതു തന്നെ വലിയ കാര്യം.

മധുരത്തിന്‍റെ കാര്യം പരിഗണിച്ചാലും പഴങ്ങളിലെ രാജാവ് തന്നെയാണ് മാമ്പഴം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാങ്ങ കൃഷി ചെയ്യുന്നത് നമ്മുടെ രാജ്യത്താണ്. മൊത്തം മാങ്ങ ഉത്പാദനത്തിന്‍റെ 80 ശതമാനത്തിലേറെ വരുമിത്. ഇന്ത്യയെ കൂടാതെ പാകിസ്താന്‍റെയും ദേശീയ ഫലമാണ് മാങ്ങ. പാകിസ്താന്‍റെയും തനതായ മാമ്പഴ ഇനങ്ങളുണ്ട്. ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ബീഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെപ്പോലെ കേരളത്തില്‍ മാങ്ങ കൃഷിക്ക് കാര്യമായ വേരോട്ടമുണ്ടായിട്ടില്ല.

എണ്ണിയാല്‍ ഒടുങ്ങാത്ത നാടന്‍ മാവിനങ്ങളുണ്ട്. കേള്‍ക്കാത്തതും അറിയാത്തതുമായ എത്രയോ ഇനങ്ങള്‍ നാട്ടിന്‍പുറങ്ങളിലുണ്ടാവും. ഓരോ ഇനം മാവുകള്‍ക്കു തന്നെ അനവധി വകഭേദങ്ങളുമുണ്ട്. ഉദാഹരണം പറഞ്ഞാല്‍ മൂവാണ്ടന്‍ തന്നെ കറുപ്പ്, വെളുപ്പ്, ചുവപ്പ് തുടങ്ങി പല വിധമുണ്ട്. നാട്ടുമാവുകളിലെ വൈവിധ്യം പോലെ തന്നെയാണ് മാമ്പഴങ്ങളുടെ മണത്തിലും രുചിയിലുമുള്ള വ്യത്യാസം. ശാസ്ത്രീയമായി നാടന്‍ മാവിനങ്ങളെ കണ്ടെത്താനും സംരക്ഷിക്കാനും നിലവില്‍ പ്രത്യേക സംവിധാനങ്ങളൊന്നുമില്ല.
മഴക്കാലത്ത് കൊഴിഞ്ഞു വീഴുന്ന നാടന്‍ മാവിനങ്ങളുടെ വിത്തുകള്‍ ശേഖരിച്ചു മുളപ്പിക്കുകയോ, അതുമല്ലെങ്കില്‍ മരത്തില്‍ നിന്നും കിട്ടുന്നയുടന്‍ മാങ്ങയണ്ടി പാകി മുളപ്പിക്കാം. അങ്ങനെ നമുക്കെല്ലാവര്‍ക്കും ഈ മാമ്പഴദിനത്തില്‍ ഗൃഹാതുരതയുടെ മാവിന്‍ചില്ലകളില്‍ ഒരിക്കല്‍ കൂടെ കയറി നോക്കാം. .