പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകൾ

എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകൾ. കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ഏതാനും ദിവസങ്ങളിലായി സനൽകുമാർ ശശിധരൻ നടിയെ ടാ​ഗ് ചെയ്ത് നിരവധി പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നും യുഎസിൽ നിന്നാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു.സനല്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു. 

2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ആ
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം നൽകിയത്.