ധനുഷ് വിഷയത്തിൽ നയൻതാരയെ പിന്തുണച്ചതിന്റെ കാരണം വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. ഒരു നിലപാട് എടുക്കുമ്പോൾ ചുറ്റുമുള്ളവരുടെ പിന്തുണ ലഭിക്കാതെ ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ള വ്യക്തിയാണ് താനെന്നും ലേഡി സൂപ്പർസ്റ്റാർ എന്നു പറയാവുന്ന ഒരു താരം ഇത്തരത്തിൽ തുറന്ന കത്തെഴുതുമ്പോൾ അതൊരു യഥാർഥ പ്രശ്‌നമാണെന്നു തോന്നിയെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.
നയൻതാരയെ പിന്തുണയ്ക്കുന്ന എല്ലാവരും ഈ കത്തിൽ സത്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഒരു ഘട്ടം കഴിയുമ്പോൾ നമുക്ക് നമ്മളെ തന്നെ എല്ലാവരിലും കാണാൻ കഴിയും. അതുകൊണ്ടും കൂടിയാണിത്. ഒരു മാറ്റത്തിനായോ തന്റെ അവകാശങ്ങൾക്കായോ ആരു സംസാരിക്കുകയാണെങ്കിലും അവരെ പലരും ഒറ്റപ്പെടുത്തും. അത് ഞാൻ അനുഭവിച്ചതുകൊണ്ടുതന്നെ തനിക്കറിയാം. ആദ്യമായി സൈബർ ആക്രമണം നേരിടുന്ന ആളുകൾക്ക് അത് നന്നായി ബാധിക്കും. അതൊരു ക്രൈമാണ്. ആരും ചെയ്യാൻ പാടില്ലാത്ത ഒന്ന്. പക്ഷേ അതൊന്നും ബാധിക്കാത്ത രീതിയിലേക്ക് നയൻതാര മാറിയിട്ടുണ്ട്. അത്രയും പ്രതിസന്ധികളും നെഗറ്റിവിറ്റിയും തരണം ചെയ്തിട്ടാണ് അവർ ഈ സ്ഥാനത്ത് എത്തിയത്. സൈബർ ആക്രമണം ഒരു വഴിയിൽ നടക്കും. അതിനായി തന്നെ ഇരിക്കുന്ന ആളുകളുണ്ട്. നമ്മളെ തരംതാഴ്ത്താൻ പലരും വരും. അതവർ ചെയ്യട്ടെ. പക്ഷേ ന്യായം നീതി എന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള കാര്യമാണ്. എനിക്ക് പറയാൻ സ്‌പെയ്‌സ് കിട്ടിയാൽ ഞാൻ പറയും എന്നു തന്നെയാണ് നയൻതാര പറയുന്നതെന്ന് പാർവ്വതി പറഞ്ഞു.
ഈ വിഷയത്തിൽ എല്ലാവർക്കും അവരെ പിന്തുണയ്ക്കാൻ സാധിക്കില്ലായിരിക്കും, ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. പക്ഷേ പിന്തുണ ഇല്ലായ്മ ഞാൻ അറിഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

