വളരെ ചുരുക്കം ചില ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പ്രണവ് മോഹൻലാൽ. യാത്രകൾ ചെയ്യുകയാണ് താരത്തിന്റെ ഏറ്റവും പ്രിയ ഹോബി. ഇപ്പോഴിതാ വീണ്ടുമൊരു ബാക്ക് പാക്കിംഗ് യാത്രയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ.
സിയേറ നെവാഡയിൽ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിനു മുകളിൽ കയറുന്ന ചിത്രങ്ങളും പ്രണവ് പങ്കുവെച്ചു. മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. സ്‌പെയിനിൽ സിയേറ നെവാഡ (Sierra Nevada ES) എന്നാണ് പ്രണവ് ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
മഞ്ഞ് മൂടിയ പർവ്വതനിര എന്നാണ് സിയറ നെവാഡ എന്ന വാക്കിന്റെ അർഥം. സ്‌പെയിനിലെ ഗ്രാനഡയിലെ അൻഡലൂഷ്യൻ പ്രവിശ്യയിലെ ഒരു പർവതനിരയാണിത്. കോണ്ടിനെന്റൽ സ്പെയിനിലെ ഏറ്റവും ഉയർന്ന പോയിന്റ് ഇവിടെയാണ്. സമുദ്രനിരപ്പിൽ നിന്നു 3,479 മീറ്റർ (11,414 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
ഉയർന്ന ഊഷ്മാവിനും സമൃദ്ധമായ സൂര്യപ്രകാശത്തിനും പേരുകേട്ട മെഡിറ്ററേനിയൻ കടലിനോടു ചേർന്നുള്ള യൂറോപ്പിലെ ഏറ്റവും തെക്കൻ സ്‌കീ റിസോർട്ടുകളിൽ ഒന്നായ ഇവിടുത്തെ ഉയർന്ന കൊടുമുടികൾ സ്‌കീയിങ് ചെയ്യാൻ പ്രശസ്തമാണ്.

