മക്കളിൽ നിന്ന് താൻ പഠിച്ച വലിയ പാഠം ഇതാണ്; മനസ് തുറന്ന് ഷാരൂഖ്

സിനിമയോടൊപ്പം തന്റെ കുടുംബത്തിനും തുല്യ പ്രാധാന്യം നൽകുന്ന താരമാണ് ഷാരൂഖ് ഖാൻ. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ താരം സമയം ചെലവഴിക്കാറുണ്ട്. കുടുംബമാണ് തന്റെ ശക്തിയെന്ന് പലപ്പോഴും താരം തുറന്നു സമ്മതിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മക്കളിൽ നിന്ന് താൻ പഠിച്ച വലിയ പാഠത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഷാരൂഖ്. പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നടന്ന ഒരു പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജീവിതത്തിൽ ക്ഷമാശീലം പഠിച്ചത് മക്കളിൽ നിന്നാണ്. ഒരാൾക്ക് എത്ര കുട്ടികൾ ഉണ്ടാകുന്നുവോ അത്രയധികം ഒരു വ്യക്തിക്ക് ക്ഷമ വർധിക്കുന്നു. ഈ ക്ഷമ സഹപ്രവർത്തകരുമായും ടീമുമായും ആഴത്തിൽ ബന്ധപ്പെടാൻ തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു.

മക്കൾ തമ്മിൽ വഴക്കിടാറില്ല. അവർ വഴക്കിടരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. കാരണം സ്വത്ത് ഭാഗം വെയ്ക്കാൻ ബുദ്ധിമുട്ടാകുമെന്ന് ഷാരൂഖ് ഈ പരിപാടിയിൽ വെച്ച് തമാശരൂപേണ പറഞ്ഞു.