എന്നും 16 വയസ്സ് ആയിരിക്കട്ടെ; മല്ലികാ സുകുമാരന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിരാജും ഇന്ദ്രജിത്തും മല്ലികാ സുകുമാരനും പൂർണ്ണിമയും സുപ്രിയയുമെല്ലാം പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. മല്ലികാ സുകുമാരന്റെ ജന്മദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്ന് മകൻ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ നേരുന്നുവെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. നിങ്ങൾക്ക് എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ!,’ എന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

തന്റെ മക്കളുടെ നേട്ടത്തിന് പിന്നിലെ കരുത്തായി നിലകൊള്ളുന്ന അമ്മയാണ് മല്ലിക സുകുമാരൻ. ഭർത്താവ് സുകുമാരൻ മരണപ്പെട്ടപ്പോഴും തളരാതെ മക്കൾക്ക് വേണ്ടി അവർ ജീവിച്ചു. മല്ലികയുടെ ജീവിത പോരാട്ടത്തിന്റെ ഫലംകൂടിയാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും ഇന്നത്തെ വിജയങ്ങൾ. 1974 ൽ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. നിലവിൽ മല്ലികാ സുകുമാരൻ സിനിമ- സീരിയൽ രംഗത്ത് സജീവമാണ്.