4600 കോടി രൂപയുടെ സമ്പത്ത്; ജൂഹി ചൗളയുടെ ആസ്തി വിവരങ്ങൾ അറിയാം

ഏറെ ആരാധകരുള്ള താരമാണ് ജൂഹി ചൗള. അഭിനയരംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയെന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് താരം. 2024-ലെ ഹുറൂൻ സമ്പന്നപ്പട്ടികയിൽ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഷാരൂഖ് ഖാന്റെ തൊട്ടുപിന്നിലാണ് ജൂഹി സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

പട്ടികയിൽ ജൂഹിയുടെ പുറകിലായുള്ള ഏറ്റവും ധനികരായ അഞ്ചു നടിമാരുടെ സ്വത്തുക്കൾ ചേർത്തുവെച്ചാലും ജൂഹിയുടെ സ്വത്തിന്റെ അത്രയുമെത്തില്ല.

4600 കോടി രൂപയുടെ സമ്പത്താണ് ജൂഹിയ്ക്കുള്ളത്. ജൂഹി ചൗളയെ സംബന്ധിച്ചിടത്തോളം സിനിമയിൽ നിന്നുള്ള വരുമാനം വളരെ ചെറിയ അളവിൽ മാത്രമാണ്. ഷാരൂഖ് ഖാനുമായി ചേർന്ന് നടത്തുന്ന റെഡ് ചില്ലീസ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നാണ് ജൂഹിയുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും വരുന്നത്. സിനിമാ നിർമാണം, ക്രിക്കറ്റ് ടീമുകൾ എന്നിവയിൽ സഹഉടമസ്ഥതയും താരത്തിനുണ്ട്. റിയൽ എസ്റ്റേറ്റ്, മില്യണയറായ ഭർത്താവ് ജയ് മേത്തയ്ക്കൊപ്പമുള്ള നിക്ഷേപങ്ങൾ തുടങ്ങിയവയും താരത്തിന്റെ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഖാനൊപ്പം ഡ്രീംസ് അൺലിമിറ്റഡ് എന്നപേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയും ജൂഹിയ്ക്കുണ്ട്.