അനുവാദം ചോദിക്കാതെ താൻ മകളുടെ മുറിയിൽ കടക്കാറില്ല; കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാടെന്ന് ഉർവ്വശി

അഭിനയ പ്രതിഭ കൊണ്ട് പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിച്ച താരമാണ് നടി ഉർവ്വശി. തന്റെ മകൾ തേജാലക്ഷ്മിയെ കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇത്ര മുതിർന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയിൽ കഴിയാനോ കെൽപ്പില്ലാത്ത ആളാണ് താൻ. വളർന്ന രീതി അങ്ങനെയായതു കൊണ്ടാണ്. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് അമ്മൂമ്മമാരുടെ കാവലിൽ ഞങ്ങൾ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഇന്ന് അങ്ങനെയല്ല, അനുവാദം ചോദിക്കാതെ താൻ മകളുടെ മുറിയിൽ കടക്കാറില്ലെന്ന് ഉർവശി വ്യക്തമാക്കി.

മകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യും. അവൾ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കുമെന്നും താരം പറയുന്നു. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവൾ ബാംഗ്ലൂരിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് താൻ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്ന് ഉർവ്വശി വ്യക്തമാക്കുന്നു.

താൻ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലാക്കി. അവർ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ എന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാട്. മോള് പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് താൻ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. ക്രൈസ്റ്റിൽ നിന്നും പഠനം പൂർത്തിയാക്കി ഒരു മൾട്ടിനാഷണൽ കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഇപ്പോഴവൾ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യുമെന്നും ഉർവ്വശി കൂട്ടിച്ചേർത്തു.