തെന്നിന്ത്യൻ പ്രേക്ഷകമനസിൽ തന്റേതായ ഇടംനേടിയ താരറാണിയാണ് നയൻതാര. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായ നയൻതാര ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്.
താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം റിലീസിനൊരുങ്ങുകയാണ്. നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ഡോക്യുമെന്ററി ഫിലിം സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാർപ്പറ്റിൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നയൻതാരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.
രണ്ട് വർഷം മുൻപാണ് ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന സിനിമയുടെ പ്രഖ്യാപനം എത്തിയിരുന്നത്. ടീസറും പുറത്ത് വിട്ടിരുന്നു. ഒരു മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. വിഘ്നേഷ് ശിവനുമായുള്ള പ്രണയവും തുടർന്നുണ്ടായ വിവാവുമായിരുന്നു ആദ്യം ഡോക്യുമെന്ററിയാക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീടാണ് താരത്തിന്റെ കരിയർ കൂടി ഉൾപ്പെടുത്തി ഡോക്യു- ഫിലിം ആക്കിയത്. ‘നാനും റൗഡി താൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയൻസും വിഘ്നേഷും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേശ് ശിവൻ. പിന്നീട് ഇവർ വിവാഹിതരാകുകയായിരുന്നു. ഇപ്പോൾ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്.

