പ്രേക്ഷകരുടെ പ്രിയ താരജോഡികളായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ താരങ്ങൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
നടിയും മോഡലുമായ നിമ്രത് കൗറും അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ഇതാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും ബന്ധത്തിൽ വിള്ളൽ വീണതിന് കാരണമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് നിമ്രത് കൗർ രംഗത്തെയിരിക്കുകയാണ്.
താൻ എന്ത് ചെയ്താലും ആളുകൾ അവർക്ക് തോന്നുന്നത് മാത്രമേ പറയൂ. ഇത്തരം ഗോസിപ്പുകൾ തടയാൻ പ്രയാസമാണ്. അതിനാൽ അത് ശ്രദ്ധിക്കുന്നതിന് പകരം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ശ്രമിക്കുന്നുവെന്ന് നടി വ്യക്തമാക്കി. ‘ദസ്വി’ എന്ന സിനിമയുടെ സെറ്റിലാണ് അഭിഷേക് ബച്ചനും നിമ്രത് കൗറും പരിചയപ്പെടുന്നത്. അഭിമുഖങ്ങളിൽ പരസ്പരം അഭിനന്ദിച്ചതോടെയാണ് ഇരുവരെയും ചേർത്ത് വച്ച് ഗോസിപ്പുകൾ വരാൻ തുടങ്ങിയത്.
ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നുവെന്നും ഐശ്വര്യയും മകളും സ്വന്തം വീട്ടിലാണെന്നുമായിരുന്നു പുറത്തുവരുന്ന വാർത്തകൾ. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്.

