24 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് കാർത്തിയും ശക്തിയും; മാധവനും ശാലിനിയും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

ആരാധകരുടെ പ്രിയ താരജോഡികളാണ് നടൻ മാധവനും ശാലിനിയും. ഇരുവരും ഒന്നിച്ചുള്ള സെൽഫി ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ശാലിനിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘അലൈപായുതേ’യിലെ ഹിറ്റ് ഗാനമായ എൻട്രെട്രും പുന്നഗൈ എന്ന പാട്ടിന്റെ ആദ്യ വരികൾ ചേർത്താണ് ചിത്രത്തിന് താഴെ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.

തങ്ങളുടെ പ്രിയപ്പെട്ട കാർത്തിയെയും ശക്തിയെയും 24 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചു കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. യുവ ഡോക്ടറായ ശക്തി, യുവ സോഫ്റ്റ് വെയർ എൻജിനീയറായ കാർത്തി എന്നിവരുടെ പ്രണയകഥ പറഞ്ഞ ചിത്രമാണ് അലൈപായുതേ. മണിരത്നം സംവിധാനം ചെയ്ത ചിത്രം 2000 ത്തിലാണ് റിലീസ് ചെയ്തത്.

ഈ പ്രണയജോഡിയെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ കഴിയുമോ എന്നാണ് ഫോട്ടോയ്ക്ക് താഴെ ആരാധകർ ചോദിക്കുന്നത്. ‘അലൈപായുതെ’ രണ്ടാം ഭാഗം വരണമെന്ന കമന്റുകളും ചിലർ നടത്തുന്നുണ്ട്.