എത്ര പണം തന്നാലും റീമേക്ക്‌ ഓഫറുകൾ സ്വീകരിക്കില്ല: കാരണം തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

എത്ര പണം തന്നാലും താൻ റീമേക്ക് ഓഫറുകൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി നടൻ ദുൽഖർ സൽമാൻ. എപ്പോഴും ഒറിജിനൽ സിനിമകൾ ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്ന് താരം പറഞ്ഞു. ഹിന്ദിയിൽ നിന്ന് വലിയ പ്രതിഫലത്തിന് ഒരു റീമേക്ക് ഷോ ചെയ്യാൻ വന്നിരുന്നുവെന്നും എന്നാൽ റീമേക്ക് ആയതുകൊണ്ട് തന്നെ താനത് വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നും താരം വെളിപ്പെടുത്തി. ഗ്രേറ്റ് ആന്ധ്ര എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താൻ സിനിമകൾ ചെയ്യുന്നത് പണത്തിനു വേണ്ടിയല്ല. ഒരിക്കലും പണത്തിനു വേണ്ടി താൻ സിനിമകൾ ചെയ്യില്ല. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ പിന്തുടരുന്ന റൂൾ ആണത്. പണമല്ല താൻ നേടാൻ ശ്രമിക്കുന്നത്. ഒരു സിനിമയിൽ കൊണ്ടുവരേണ്ട മൂല്യങ്ങളെ കുറിച്ച് താൻ ബോധവാനാണ് അതനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുന്നതെന്നും ദുൽഖർ ചൂണ്ടിക്കാട്ടി.

നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹം. വലിയ പ്രതിഫലം നൽകി തനിക്കൊരു റീമേക്ക് ചിത്രം ഓഫർ ചെയ്താൽ താനത് സ്വീകരിക്കില്ല. തനിക്ക് ഒരുപാട് പണം തന്നതുകൊണ്ട് മാത്രം താനൊരു തെലുങ്ക് സിനിമ ചെയ്യില്ലെന്നും താരം കൂട്ടിച്ചേർത്തു.