പ്രേക്ഷകർക്കെല്ലാം പരിചിതയാണ് നടി ഉർവശിയുടെ മകൾ കുഞ്ഞാറ്റ. സിനിമാമേഖലയിൽ സജീവമല്ലെങ്കിലും മോഡലിംഗിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുതും വലുതുമായ ഏതാനും ബ്രാൻഡുകളുടെ മോഡലാണ് കുഞ്ഞാറ്റ. നൃത്തം, മോഡലിംഗ് തുടങ്ങിയവയ്ക്ക് പുറമെ താരത്തിന് മറ്റൊരു താത്പര്യം കൂടി ഇപ്പോഴുണ്ട്. അതെന്താണെന്നല്ലേ, മറ്റൊന്നുമല്ല, ഒരു കോച്ചിന്റെ കീഴിൽ കിക്ക് ബോക്‌സിങ് പഠിക്കുകയാണ് കുഞ്ഞാറ്റ.
ഈ മേഖലയിൽ താൻ തുടക്കക്കാരിയാണെന്ന സൂചന നൽകുന്ന ക്യാപ്ഷനോടെ കിക്ക് ബോക്ക്‌സിംഗ് പഠിക്കുന്നതിന്റെ ചിത്രങ്ങൾ കുഞ്ഞാറ്റ തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചെറു വീഡിയോ രൂപത്തിൽ കുഞ്ഞാറ്റ കിക്ക്ബോക്‌സിങ് ബാലപാഠങ്ങൾ സ്വായത്തമാക്കുന്നത് പ്രേക്ഷകർക്ക് കാണാം. ഇരുകൈകളിലും ബോക്‌സിങ് ഗ്ലൗസ് ധരിച്ച് കോച്ചിന്റെ കൂടെ അടിതടകൾ പഠിക്കുന്ന കുഞ്ഞാറ്റ വീഡിയോ ദൃശ്യങ്ങളിലുണ്ട്.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞാറ്റയുടെ പുതിയ തുടക്കത്തിന് കമന്റുകളിലൂടെ ആരാധകർ ആശംസകൾ നേർന്നു. അമ്മ ഉർവശിയെ പോലെ പ്രേക്ഷകർകർ കുഞ്ഞാറ്റയെയും ഇഷ്ടപ്പെടുന്നുവെന്നാണ് കമന്റുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.

