സിനിമാ പ്രേമികൾക്ക് വളരെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ൽ വിവാഹിതരായ ഇവർ മാതൃകാ ദമ്പതികൾ തന്നെയാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. അടുത്തിടെയാണ് ചെന്നൈയിലെ സൂര്യയുടെ കുടുംബവീട്ടിൽ നിന്നും സൂര്യയും ജ്യോതികയും മക്കളും മുംബൈയിലേക്ക് താമസം മാറിയത്. മുംബൈയിലെ ഇവരുടെ വീടിന് 70 കോടി രൂപ വില വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഭാര്യക്ക് പല കാര്യങ്ങളിലും മുൻഗണന നൽകുന്ന ഭർത്താവാണെന്ന് സൂര്യ പലപ്പോഴും തന്റെ പ്രവർത്തികളിലൂടെ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ജ്യോതിക സോഷ്യൽമീഡിയയിൽ പങ്കിട്ട ഒരു പോസ്റ്റ് ഇക്കാര്യം ഒന്നുകൂടി അടിവരയിടുകയാണ്. വിവാഹം എന്നാൽ യഥാർത്ഥ കൂട്ടുകെട്ടാണ് എന്നാരംഭിക്കുന്ന ക്യാപ്ഷനോട് കൂടിയാണ് ജ്യോതിക ഈ പോസ്റ്റ് പങ്കിട്ടത്. വീടിനു മുന്നിലെ നെയിംപ്ലേറ്റ് ആണ് ജ്യോതിക ഷെയർ ചെയ്തിരിക്കുന്നത്.
താരദമ്പതികളുടെ വീടിനു മുന്നിലുള്ള നെയിംപ്ലേറ്റിൽ ജ്യോതിക, സൂര്യ എന്നാണ് കൊത്തിയിരിക്കുന്നത്. ഭാര്യക്ക് പ്രഥമസ്ഥാനം ലഭിക്കുന്ന കുടുംബമാണ് ഇവരുടേത് എന്നതിന് ഇതിലും മികച്ച തെളിവ് ആവശ്യമില്ലെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.

