82-ാം പിറന്നാൾ; അമിതാഭ് ബച്ചന് ആശംസ അറിയിച്ചുള്ള കുടുംബ വീഡിയോയിൽ ഐശ്വര്യറായിയില്ല, കാരണം ചികഞ്ഞ് സൈബർ ലോകം

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ 82-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ബച്ചൻ കുടുംബത്തിലെ അംഗങ്ങളെല്ലാം ചേർന്ന് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ബച്ചന്റെ ഭാര്യ ജയ, മക്കളായ അഭിഷേക്, ശ്വേത, കൊച്ചുമക്കളായ അഗസ്ത്യ, നവ്യ തുടങ്ങിയവരെയെല്ലാം വീഡിയോയിൽ കാണാം. കൊച്ചുമകൾ ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയിൽ കാണിച്ചിരുന്നു. എന്നാൽ അമിതാഭ് ബച്ചന്റെ മരുമകളും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായിയെ വീഡിയോയിൽ കാണിച്ചിട്ടില്ല. ഇതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾക്ക് ശക്തിപകരുന്ന ദൃശ്യങ്ങളാണിതെന്നാണ് സൈബർ ലോകം ചൂണ്ടിക്കാട്ടുന്നത്. ഐശ്വര്യയും അഭിഷേകും നാളുകളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐശ്വര്യ ഇപ്പോൾ മകൾക്കും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചൻ കുടുംബത്തോടൊപ്പം വരാതെ മകൾക്കൊപ്പമാണ് വന്നത്. ഇതെല്ലാം ആരാധകരുടെ സംശയങ്ങൾ ബലപ്പിക്കുകയാണ്.