വർഷങ്ങളോളം രഹസ്യമായി തുടർന്ന പ്രണയം, വിശേഷങ്ങൾ പങ്കുവെച്ചത് കത്തുകളിലൂടെ; ജെനീലിയ-റിതേഷ് താരദമ്പതികളുടെ പ്രണയവിശേഷങ്ങൾ

പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ആദ്യമൊക്കെ ഇവരുടെ വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, ഇരുവരുടെയും ആത്മാർത്ഥ പ്രണയം ഇവരെ ജീവിതത്തിൽ ഒന്നിപ്പിച്ചു.

തുജേ മേരി കസം എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കളായി. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.

9 വർഷത്തോളം രഹസ്യമായി ഇവർ പ്രണയം സൂക്ഷിച്ചു. കത്തുകളിലൂടെ പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചു. സോഷ്യൽമീഡിയയും വാട്ട്‌സ് ആപ്പുമൊന്നും അന്ന് സജീവമായിരുന്നില്ല. ഒരു മാസത്തിന് ശേഷമുള്ള കണ്ടുമുട്ടലുകളിൽ 30 കത്തുകൾ ഇരുവരും പരസ്പരം കൈമാറി. ആ കത്തുകൾ വായിച്ചത് തങ്ങളുടെ പ്രണയത്തിലെ മനോഹര നിമിഷമായിരുന്നുവെന്ന് പിന്നീട് റിതേഷ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

2012 ഫെബ്രുവരി 3 നാണ് റിതേഷും ജെനീലിയയും വിവാഹിതരായത്. മുംബൈ വർളിയിലെ ആഢംബര ബംഗ്ലാവിലാണ് ഇവർ താമസിക്കുന്നത്. രണ്ട് മക്കളും ഇവർക്കൊപ്പമുണ്ട്.