ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് തന്നെ ബാല വിവാഹം ചെയ്തത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമൃത സുരേഷ്

നടൻ ബാലയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ്. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് തന്നെ ബാല വിവാഹം ചെയ്തതെന്ന് അമൃത പറഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ബാലചേട്ടൻ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നതായി അറിയുന്നത്. ഇതറിഞ്ഞപ്പോൾ അച്ഛനും അമ്മയും വിവാഹം വേണ്ടെന്ന് പറഞ്ഞു. എന്നാൽ തനിക്ക് ബാലചേട്ടനെ അത്രത്തോളം ഇഷ്ടമായിരുന്നു. അങ്ങനെ താനായി നിർബന്ധിച്ചെടുത്ത തീരുമാനമായിരുന്നു ഈ വിവാഹമെന്ന് അമൃത പറയുന്നു.

അതുകൊണ്ടുതന്നെ പല പ്രശ്‌നങ്ങളും വീട്ടിൽ പറയാൻ കഴിഞ്ഞില്ല. താൻ അനുഭവിച്ചതിനൊക്കെ വീട്ടിലെ ജോലിക്കാർ സാക്ഷികൾ ആയിരുന്നു. ഇനിയും അവിടെ തുടർന്നാൽ മകളും അനുഭവിക്കേണ്ടി വരും എന്നൊരു സാഹചര്യത്തിലാണ് കിട്ടിയ സാധനങ്ങളുമായി അവിടെ നിന്നിറങ്ങി ഓടുന്നത്. താൻ ബാലയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത് കോടികളുമായിട്ടല്ല. തന്റെ സ്വർണ്ണമോ വണ്ടിയോ ഒന്നും താൻ അവിടെ നിന്ന് എടുത്തില്ലെന്നും അമൃത ചൂണ്ടിക്കാട്ടി.

വിവാഹമോചന കേസ് നടക്കുമ്പോൾ നഷ്ടപരിഹാരം ചോദിച്ചിരുന്നു. എന്നാൽ കോടതിയിൽ വച്ച് മകളെ വലിച്ചിഴച്ചു കൊണ്ടുപോയ സംഭവത്തിനുശേഷം ഒന്നും വേണ്ട എന്ന് പറഞ്ഞു. തുടർന്നാണ് തനിക്ക് ഒരു നഷ്ടപരിഹാരവും വേണ്ടെന്നും തന്റെ കുഞ്ഞിനെ മാത്രം ഉപദ്രവിക്കരുത് എന്ന് പറഞ്ഞുവെന്നും അമൃത സുരേഷ് കൂട്ടിച്ചേർത്തു.