എത്ര തിരക്കിലാണെങ്കിലും നിനക്കൊരു ആവശ്യം വന്നാൽ ഓടിയെത്തും; കുഞ്ഞനുജത്തിയ്ക്ക് പിറന്നാൾ ആശംസകളുമായി അഹാന

സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള താരമാണ് അഹാന കൃഷ്ണ. അഹാനയ്ക്ക് മാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും മികച്ച ആരാധക പിന്തുണയുണ്ട്. ഇപ്പോഴിതാ അഹാന തന്റെ കുഞ്ഞനുജത്തി ഹൻസികയുടെ പത്തൊൻപതാം പിറന്നാളിന് പങ്കുവെച്ച ഒരു വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

അനുജത്തിയുടെ ജന്മദിനത്തിന് ആശംസകൾ നേരാൻ അഹാന തിരഞ്ഞെടുത്തത് അച്ഛൻ കൃഷ്ണകുമാർ പകർത്തിയ പഴയൊരു വിഡിയോ ആണ്. കൈക്കുഞ്ഞായ ഹൻസികയെ കയ്യിലെടുത്തിരിക്കുന്ന അമ്മ സിന്ധു കൃഷ്ണകുമാറും കുഞ്ഞനുജത്തിയുടെ കൃസൃതികളോട് കൗതുകത്തോടെ പ്രതികരിക്കുന്ന അഹാനയും വിഡിയോയിലുണ്ട്.

സ്‌നേഹമേ, നിനക്ക് പത്തൊൻപതാം പിറന്നാൾ ആശംസകൾ. നീ ജനിച്ച ദിവസം മുതൽ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഞാൻ വളരെ പ്രാധാന്യം നൽകുന്നുണ്ട്. നിനക്ക് അറിയാമല്ലോ; ഞാൻ എവിടെയാണെങ്കിലും, എത്ര തിരക്കിലാണെങ്കിലും നിനക്കൊരു ആവശ്യം വന്നാൽ ഓടിയെത്തും. പിറന്നാൾ ആശംസകൾ എന്റെ കുഞ്ഞി-അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേർന്നിട്ടുള്ളത്.