നടൻ വിശാഖ് നായർക്ക് വധഭീഷണി

തിരുവനന്തപുരം: മലയാളി സിനിമാ താരം വിശാഖ് നായർക്ക് വധഭീഷണി. കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന എമർജൻസി എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്നാണ് താരത്തിന് വധഭീഷണി ലഭിച്ചത്. ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് വിശാഖ് അവതരിപ്പിക്കുന്നത്.

എന്നാൽ സഞ്ജയ് ഗാന്ധിയുടെ വേഷം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണ് എന്ന് തെറ്റിദ്ധരിച്ചാണ് വധഭീഷണി വന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് വിശാഖ് ഭീഷണി വിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താൻ വധഭീഷണി നേരിടുകയാണെന്നും എമർജൻസി സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരുകൂട്ടം ആളുകൾ ഭീഷണി സന്ദേശം അയക്കുന്നതെന്നും താരം വെളിപ്പെടുത്തി. ഇത് തെളിയിക്കുന്നതിനായി ചിത്രത്തിലെ ക്യാരക്റ്റർ പോസ്റ്ററും വിശാഖ് പങ്ക് വെച്ചിരുന്നു.