നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 ADയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23നാണ് ചിത്രം ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യും. ജൂൺ 27 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. രണ്ട് മാസത്തോളം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, പ്രഭാസ്, മൃണാൾ താക്കൂർ, ശോഭന തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ദുൽഖർ സൽമാൻ, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാൽ വർമ്മ, അന്ന ബെൻ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തിയിരുന്നു.
കാശി, കോംപ്ലക്സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിക്കുന്നത്.

