താരസംഘടന അമ്മയുടെ പ്രസിഡന്റായി വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ; ജനറൽ സെക്രട്ടി സ്ഥാനത്തേക്ക് മത്സരം നടക്കും

കൊച്ചി: മലയാള താരസംഘടന അമ്മയുടെ പ്രസിഡന്റായി വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ. അമ്മയുടെ പുതിയ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മോഹൻലാൽ മാത്രമാണ് അവശേഷിച്ചത്. ഇത് മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകുന്നത്.

എന്നാൽ, അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ മത്സരം നടക്കും. സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അമ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജുപ്പിള്ള , ജയൻ ചേർത്തല തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.

ജൂൺ 3 മുതലാണ് പുതിയ ഭാരവാഹികളായി മത്സരിക്കാൻ താൽപ്പര്യമുള്ളവരിൽ നിന്നും പത്രിക സ്വീകരിക്കാൻ ആരംഭിച്ചത്. ജൂൺ 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.