പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഓഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ, ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഡിസംബർ 6 ആയിരിക്കും പുഷ്പ 2വിന്റെ റിലീസ്.
ഷൂട്ടിംഗ് തീരാത്തത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കും എന്ന സൂചന നേരത്തെ തന്നെ അണിയറ പ്രവർത്തകർ നൽകിയിരുന്നു. എന്നാൽ ഇപ്പോഴിത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. 2024 ലെ സ്വാതന്ത്ര്യ ദിന വാരാന്ത്യത്തിൽ റിലീസ് പ്രഖ്യാപിച്ചതിനാൽ ഷൂട്ട് പൂർത്തിയാക്കാനും എഡിറ്റ് ലോക്ക് ചെയ്യാനും നിർമ്മാതാക്കൾ കഠിനമായ പ്രയത്‌നത്തിലായിരുന്നു. ഇതിനിടെയാണ് റിലീസ് നീട്ടിവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. മുൻപത്തെതിൽ നിന്നും വ്യത്യസ്തമായ ഗേറ്റപ്പിൽ എത്തിയ അല്ലു അർജുനിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചന്ദനകടത്തുകാരന്റെ കഥാപറഞ്ഞ ചിത്രം ബോക്‌സ്ഓഫീസ് കീഴടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചിത്രത്തിലെ പാട്ടുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു.
രശ്മിക മന്ദാന, ഫഹദ് ഫാസിൽ,സുനിൽ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിൽ സമന്തയും അല്ലു അർജുനും ചുവടുവച്ച ഗാനം വൈറലാവുകയും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു.